കൊച്ചി: കേരളത്തിൽ നൃത്തരംഗത്തു പ്രതിഭകളെ രൂപപ്പെടുത്താൻ ഏക ഫെസ്റ്റിവൽ ദേശീയ ശ്രദ്ധയാകർഷിക്കുന്നു. യുവജനോത്സവ പ്രതിഭകൾ പഠനകാലത്തിനു ശേഷം നൃത്ത രംഗത്തു നിന്നു വിട പറയുന്പോൾ പ്രഫഷണൽ നൃത്തരംഗത്തു പ്രതിഭകളെ കൈപിടിച്ച് ഉയർത്താനാണ് ഏക ഫെസ്റ്റിവൽ അവസരമൊരുക്കുന്നത്. ചിട്ടയായ പരിശീലനപരിപാടിക്കൊപ്പം, പ്രമുഖ നൃത്താധ്യാപകരിൽ നിന്നുള്ള തുടർപരിശീലനവും ഉൾപ്പെടുന്നതാണു പദ്ധതി. കാലടിയിലെ ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസാണു കലാരംഗത്തെ പുത്തൻ ആശയം അവതരിപ്പിച്ചത്.
ഗ്രേഡിംഗിലൂടെ തെരഞ്ഞെടുത്ത 40 കലാകാരികൾക്കാണ് പദ്ധതിയുടെ ഭാഗമായി ഇപ്പോൾ പരിശീലനം നൽകുന്നത്. ഓരോ കലാകാരിയുടെയും മികവ് പ്രകടമാക്കുന്ന സോളോ (ഏകഹാര്യ) അവതരണമാണ് ഏക ഫെസ്റ്റിവലിന്റെ പ്രത്യേകത. ന്ധഏക ഫെസ്റ്റിവൽ’ യുവകലാകാരികളായ തങ്ങൾക്കു വലിയ പ്രതീക്ഷ നൽകുന്നതായി നർത്തകിമാർ പറയുന്നു. പ്രശസ്ത കലാകാര·ാരിൽ നിന്നും ലഭിക്കുന്ന തുടർ പരിശീലനവും ഏറെ ഗുണം ചെയ്യുന്നതായും അവർ പറഞ്ഞു. ഏക ഫെസ്റ്റിവലിലെ നർത്തകിമാർക്കായി ശ്രദ്ധേയമായ അവതരണ വേദികളും ഒരുക്കിക്കഴിഞ്ഞു.
നൃത്തരംഗത്തെ മുതിർന്ന ഗുരുക്കന്മാരായ പയ്യന്നൂർ എൻ.വി.കൃഷ്ണൻ, ഡോ.സി.പി.ഉണ്ണികൃഷ്ണൻ, നർത്തകി സുധാ പീതാംബരൻ, നട്ടുവാങ്ക വിദഗ്ദരായ കലാമണ്ഡലം ഹരികൃഷ്ണൻ, കലാമണ്ഡലം കാർത്തിക എന്നിവർ ഏക ഫെസ്റ്റിവിലിന്റെ ഭാഗമായി നർത്തകിമാർക്കു തുടർപരിശീലനങ്ങൾ നൽകിവരുന്നു. സ്കൂൾ പിടിഎയുടെയും വിദേശ മലയാളികളുടെയും പിന്തുണ പദ്ധതിക്കുണ്ട്.
യുവജനോത്സവങ്ങളിലും കലാമത്സരങ്ങളിലും ലഭിക്കാത്ത നൃത്ത വിശകലനവും ഇംപ്രവൈസേഷനും കലാകാരികളുടെ ആത്മവിശ്വാസം വളർത്തുന്നതായി ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസിന്റെ മേധാവിയും പ്രമുഖ കലാസംഘാടകനുമായ പ്രഫ.പി.വി.പീതാംബരൻ പറഞ്ഞു.സർക്കാരിന്റെ യാതൊരുവിധ സാന്പത്തിക സഹായമില്ലാതെ ഈ പ്രോജക്ട് നടപ്പിലാക്കി വരുന്നത്. നൃത്തരംഗത്തു ദേശീയ, അന്തർദേശീയ തലത്തിൽ പുതിയ വാഗ്ദാനങ്ങളെ കണ്ടെത്തുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.