ചിറ്റൂർ: കുടിവെള്ള തടയണയ്ക്കു മുകളിലുള്ള റോഡുവക്കത്തെ മാലിന്യം തള്ളലും തീകത്തിക്കലും തടയാൻ ഫലപ്രദമായ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. ആര്യന്പള്ളം വൻകിട കുടിവെള്ള പദ്ധതി തടയണയ്ക്കു മീതെയാണ് ഗുരുതരമായ നീതി നിഷേധം. കോഴിവേസ്റ്റ്, വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും ചാക്കിൽകെട്ടി നിലന്പതിപ്പാലം വിളയോടി റോഡരികിലാണ് തള്ളുന്നത്.
ഈ സ്ഥലത്ത് കൂടുതൽ വീടുകൾ ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധർക്ക് ഏറെ സൗകര്യമുമായിരിക്കുകയാണ്. റോഡരികിലിരുന്ന് മദ്യപിച്ചശേഷം കുപ്പികൾ തടയണ ഭാഗത്തേക്കാണ് എറിയുന്നത്. കേടുവന്ന ടയർ, പാഴ് വസ്തുക്കൾ എന്നിവയും ഈ സ്ഥലത്തു കത്തിക്കുന്നതും പതിവായിരിക്കുകയാണ്. ഇതു മൂലമുണ്ടാകുന്ന മാലിന്യം തടയണ വെള്ളത്തിലാണ് എത്തിച്ചേരുന്നതു. മീൻ കച്ചവടക്കാർ വില്പന കഴിഞ്ഞാൽ പെട്ടി ശുചീകരണവും തടയണ വെള്ള ത്തിലാണ്.
പതിനായിരത്തിൽ കൂടുതൽ കുടുംബങ്ങൾ കുടിവെള്ളത്തിനായും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നതും തടയണ വെള്ളത്തിലാണ്. ഒരുവർഷംമുന്പ് കുടിവെള്ളത്തിന് രുചിവ്യത്യാസവും കലക്കവും ഉണ്ടായിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ചിറ്റൂർപുഴ പാലം തടയണയിൽ സമാനമായ രീതിയിൽ മാലിന്യം തള്ളൽമൂലം വെള്ളം ചീഞ്ഞ് ദുർഗന്ധമുണ്ടാകുകയും മീനുകൾ ചത്തുപൊന്തിയ സംഭവവും നടന്നിരുന്നു.
ഇതുകാരണം തത്തമംഗലം, പുതുനഗരം, കൊടുവായൂർ പ്രദേശങ്ങളിലേക്കു ജലവിതരണം നാലുദിവസത്തോളം നിർത്തിവയ്ക്കേണ്ടതായും വന്നു. പിന്നീട് തടണവെള്ളം മുഴുവൻ പുഴയിൽ ഒഴക്കിയ ശേഷം കുന്നംകാട്ടു ചെക്ക്ഡാമിൽനിന്നും വെള്ളം പുഴയിലിറക്കിയാണ് പുഴപ്പാലം തടയണ നിറച്ച് ജലവിതരണം പുനരാരംഭിച്ചത്.