ചങ്ങരംകുളം: കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശമായ കടവല്ലൂരിൽ സ്വകാര്യ ബസും പാർസൽ ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർക്കു പരിക്കേറ്റു. ലോറി ഡ്രൈവർ ഫായിസ്(22), ബസ് ഡ്രൈവർ എരമംഗലം താഴത്തേൽപടി സ്വദേശി വടാശേരി ചന്ദ്രൻ(45) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ നാട്ടുകാർ ചേർന്നു പെരുന്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫായിസിന്റെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കടവല്ലൂർ ഹൈസ്കൂൾ ബസ് സ്റ്റോപ്പിനടുത്ത് ഇന്നു രാവിലെ 7.15 നാണ് അപകടം.
എടപ്പാളിൽ നിന്നു ഗുരുവായൂരിലേക്കു പോകുന്ന സംഗീത ബസിനു നേർക്കു തൃശൂർ ഭാഗത്തു നിന്നു മഞ്ചേരിയിലേക്കു ഹോം അപ്ലയൻസ് സാധനങ്ങളുമായി പോയിരുന്നു ലോറി നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. കല്ലുപുറത്തു നിന്നു വാഹനങ്ങളിലെത്തിയ പതിനഞ്ചോളം സിഐടിയു തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് വാഹനങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തെ തുടർന്നു സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി.