മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ളതല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് ആർഎസ്എസ് താൽപര്യങ്ങൾ സ്ഥാപിക്കാനുള്ള നീക്കത്തിനു സംസ്ഥാന സർക്കാരിനെ കിട്ടില്ലെന്നും നിയമം നടപ്പാക്കേണ്ട എന്നു തന്നെയാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്പോൾ രാഷ്ട്രീയ വിയോജിപ്പുകൾ മറന്ന് ഒന്നിച്ച് നിൽക്കേണ്ടത് ജനന·ക്ക് വേണ്ടിയാണ്. ഈ വിഷയത്തിൽ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. ഇതിൽ പലഭാഗങ്ങളിൽ നിന്നു വലിയ ആക്ഷേപങ്ങളാണ് ഉയർന്നുവന്നത്. ഈ ആക്ഷേപം ഉന്നയിക്കുന്നവർ നിയമസഭയുടെ അധികാരം എന്തെല്ലാമാണെന്ന് പഠിക്കണം.
രാജാക്കൻമാരുടെ കാലത്ത് അവർക്ക് ഉത്തരവുകൾ നടപ്പാക്കാൻ റസിഡന്റുമാരുണ്ടായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ മുകളിൽ അത്തരമൊരു സംവിധാനമില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകി. നിയമസഭ പ്രമേയം പാസാക്കാൻ പാടുണ്ടോയെന്ന് ചോദിക്കുന്നവർക്ക് ഭരണഘടന ഒരാവർത്തി വായിച്ചാൽ അക്കാര്യം മനസിലാവും. ഇതു ജനാധിപത്യ രാജ്യമാണെന്നത് ശരിയായ രീതിയിൽ ഉൾകൊള്ളാൻ പറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായിരുന്നു. മന്ത്രി കെ.ടി. ജലീൽ, മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി, ഡോ. ഹുസൈൻ മടവൂർ, ഡോ. ഇ.കെ.അഹമ്മദ്കുട്ടി, പന്ന്യൻ രവീന്ദ്രൻ, പാലോളി മുഹമ്മദ്കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു.