തളിപ്പറമ്പ്: ബസുകള്‍ വീണ്ടും കൈയൊഴിഞ്ഞ തളിപ്പറമ്പ് മെയിൻ റോഡ് കച്ചവടക്കാരുടെ സ്വന്തമായി മാറി. കഴിഞ്ഞ ഡിസംബറില്‍ മൂന്നാഴ്ചയോളം സംസ്ഥാനപാതയിലെ ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാല്‍ മെയിന്‍ റോഡ് വഴി ബസ് ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ടാറിംഗ് കഴിഞ്ഞ് റോഡ് തുറന്നതോടെ മെയിന്‍ റോഡ് വീണ്ടും കച്ചവടക്കാരുടെ പറുദീസയായിക്കഴിഞ്ഞു.
കച്ചവടക്കാര്‍ തങ്ങളുടെ സാധനസാമഗ്രികളെല്ലാം റോഡിലേക്കിറക്കിവച്ചു കഴിഞ്ഞു. ചാക്കുകളും പെട്ടികളുമെല്ലാം ഇപ്പോള്‍ റോഡിലായിക്കഴിഞ്ഞു. വാഹനങ്ങള്‍ വരുമ്പോള്‍ ഒന്ന് മാറിനില്ക്കാന് പോലും സാധിക്കാത്ത നിലയിലായിക്കഴിഞ്ഞു ഇപ്പോള്‍ തളിപ്പറമ്പ് നഗരം. കൊട്ടിഘോഷിച്ച് പ്രവര്‍ത്തനം തുടങ്ങിയ ട്രാഫിക് പോലീസിനെ ഇപ്പോള്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
കര്‍ശനമായ നിലപാടിലൂടെ തുടക്കത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന ട്രാഫിക് പോലീസുകാര്‍ ഇപ്പോള്‍ എല്ലാ നിയമലംഘനങ്ങളേയും അവഗണിക്കുകയാണ്. ട്രാഫിക് വിഭാഗത്തെ പഴയ കാര്യക്ഷമതയിലേക്ക് ഉയര്‍ത്താന്‍ ഡിവൈഎസ്പി ഇടപെടണമെന്ന ആവശ്യം സജീവമാണ്.