കോഴിക്കോട്: കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ ദുരന്തമാണ് കാട്ടിയതെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഠിനാധ്വാനം ചെയ്തു പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്കെതിരേ പിടിച്ചുനിൽക്കാൻ പോലും ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ രാഹുലിനു കഴിയില്ലെന്നും ഗുഹ പറഞ്ഞു.
രാഹുൽ ഗാന്ധിയോട് വ്യക്തിപരമായ പ്രശ്നങ്ങളില്ല. അദ്ദേഹം വളരെ മാന്യനാണ്. നന്നായി പെരുമാറുന്നു. എന്നാൽ യുവ ഇന്ത്യക്ക് ഒരു കുടുംബത്തിലെ അഞ്ചാം തലമുറക്കാരനെ ആവശ്യമില്ല. കേരളം ഇന്ത്യക്കായി വലിയ കാര്യങ്ങൾ ചെയ്തിട്ടുള്ള സംസ്ഥാനമാണ്. രാഹുൽ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ മണ്ടത്തരമാണ് കാട്ടിയത്. 2024-ലും അദ്ദേഹത്തെ മലയാളികൾ ജയിപ്പിച്ചാൽ നരേന്ദ്ര മോദിക്ക് അത് സഹായകമാകുമെന്ന് ഗുഹ പറഞ്ഞു.
സ്വാതന്ത്ര്യ കാലത്തെ വലിയ പാർട്ടി എന്ന നിലയിൽനിന്ന് കുടുംബവാഴ്ചയിലേക്കു കോണ്ഗ്രസ് അധപതിച്ചതാണ് ഇപ്പോഴത്തെ തീവ്ര ഹിന്ദുവാദത്തിനും യുദ്ധവെറിക്കും കാരണമെന്നു ഗുഹ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയുടെ വലിയ നേട്ടം രാഹുൽ ഗാന്ധിയാണ്. മോദി സ്വയം എല്ലാം നേടിയവനാണ്. അദ്ദേഹം 15 വർഷം സംസ്ഥാനം ഭരിച്ചു. അദ്ദേഹത്തിന് ഭരണ പരിചയമുണ്ട്. അദ്ദേഹം കഠിനാധ്വാനിയാണ്. അദ്ദേഹം യൂറോപ്പിലേക്ക് അവധിയാത്ര നടത്താറില്ല. രാഹുൽ മറ്റു കാര്യങ്ങളിലെല്ലാം വിജയിച്ചാലും കുടുംബവാഴ്ച എതിരാകും. താൻ ഇതു വളരെ ഗൗരവമായാണു പറയുന്നതെന്നും രാമചന്ദ്ര ഗുഹ കൂട്ടിച്ചേർത്തു.