രാജ്കോട്ട്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ കെ.എൽ. രാഹുലിന്റെ രാജകീയ പ്രകടനത്തിൽ ഇന്ത്യ വിജയക്കോട്ടണിഞ്ഞു. 36 റണ്‍സിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സര പരന്പര 1-1 സമനിലയിലെത്തി. 52 പന്തിൽ 80 റണ്‍സ് അടിച്ചുകൂട്ടുകയും വിക്കറ്റിനു പിന്നിൽ ഒരു സ്റ്റംപിംഗും രണ്ട് ക്യാച്ചും സ്വന്തമാക്കുകയും ചെയ്ത രാഹുലാണ് മാൻ ഓഫ് ദ മാച്ച്.
സ്കോർ: ഇന്ത്യ 50 ഓവറിൽ ആറിന് 340. ഓസ്ട്രേലിയ 49.1 ഓവറിൽ 304. ഞായറാഴ്ചയാണ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.
ധവാൻ, കോഹ്ലി, രാഹുൽ…
ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തേകിയത് 90 പന്തിൽ 96 റണ്‍സെടുത്ത ശിഖർ ധവാനും 52 പന്തിൽ 80 റണ്‍സ് നേടിയ കെ.എൽ. രാഹുലും 76 പന്തിൽ 78 റണ്‍സ് അടിച്ച വിരാട് കോഹ്ലിയും ആയിരുന്നു. ഇന്ത്യയുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 81ൽ വേർപിരിഞ്ഞു. രോഹിത് ശർമയെ (44 പന്തിൽ 42) ആദം സാംപ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ വിരാട് കോഹ്ലിയും ശിഖർ ധവാനും ചേർന്ന് 103 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിക്ക് നാല് റണ്‍സ് അരികെ ധവാനെ പുറത്താക്കി റിച്ചാർഡ്സണ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഏഴു റണ്‍സ് എടുത്ത ശ്രേയസ് അയ്യറെ സാംപ ബൗൾഡ് ആക്കി. തുടർന്ന് കോഹ്ലി – രാഹുൽ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റിൽ ഇരുവരും 78 റണ്‍സ് നേടിയപ്പോൾ കോഹ്ലി ഒരിക്കൽക്കൂടി സാംപയ്ക്കു മുന്നിൽ കീഴടങ്ങി. അഞ്ചാം നന്പറിലെത്തി 52 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 80 റണ്‍സ് അടിച്ച രാഹുലിന്റെ ബാറ്റിംഗാണ് ഇന്ത്യയുടെ സ്കോർ 300 കടത്തിയത്. മനീഷ് പാണ്ഡെ (രണ്ട്) വന്നതും പോയതും അതിവേഗമായിരുന്നു. 20 റണ്‍സോടെ രവീന്ദ്ര ജഡേജയും ഒരു റണ്ണോടെ മുഹമ്മദ് ഷാമിയും പുറത്താകാതെ നിന്നു. ആദം സാംപ മൂന്നു വിക്കറ്റെടുത്തു.
സ്മിത്ത് മാത്രം
ഇന്ത്യ ഉയർത്തിയ 341 റണ്‍സ് എന്ന വിജയലക്ഷ്യം ഓസ്ട്രേലിയ ശ്രദ്ധയോടെയാണ് പിന്തുടരാൻ ആരംഭിച്ചത്. മുംബൈയിൽ അടിച്ചു തകർത്ത ഡേവിഡ് വാർണറും ആരോണ്‍ ഫിഞ്ചും ചേർന്ന് നങ്കൂരമിടുമെന്ന് തോന്നിപ്പിച്ച നിമിഷം അത്യുജ്വല ക്യാച്ചിലൂടെ മനീഷ് പാണ്ഡെ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. ഷാമിയുടെ പന്തിൽ വാർണറെ (15) മനീഷ് പാണ്ഡെ പിടിച്ച് പുറത്താക്കിയത് ഇന്ത്യക്ക് കരുത്തേകി. രണ്ടാം വിക്കറ്റിൽ 62 റണ്‍സ് നേടി മുന്നേറിയ സ്മിത്ത് (98) – ഫിഞ്ച് (33) കൂട്ടുകെട്ടിനെ രവീന്ദ്ര ജഡേജ മടക്കി.
ഫിഞ്ചിനെ ജഡേജയുടെ പന്തിൽ രാഹുൽ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. സ്മിത്തും ലബൂഷെയ്നും (46) ഇന്ത്യയുടെ പ്രതീക്ഷ തെറ്റിക്കുമെന്ന് തോന്നിയപ്പോൾ ജഡേജ വീണ്ടും ഇടപെട്ടു. ലബൂഷെയ്നെ ഷാമിയുടെ കൈകളിലെത്തിച്ച് ഇവരുടെ 96 റണ്‍സ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. സ്മിത്തിനെ കുൽദീപ് ബൗൾഡ് ആക്കുകകൂടി ചെയ്തതോടെ ഓസ്ട്രേലിയയുടെ വഴി മുടങ്ങി. 44-ാം ഓവറിന്റെ ആദ്യ രണ്ടു പന്തുകളിൽ ടർണറെയും (13) കമ്മിൻസിനെയും (പൂജ്യം) പുറത്താക്കി ഷാമി കംഗാരുക്കളെ കശാപ്പ് ചെയ്തു.
സ്കോർബോർഡ്
ടോസ്: ഓസ്ട്രേലിയ
ഇന്ത്യ ബാറ്റിംഗ്: രോഹിത് എൽബിഡബ്ല്യു ബി സാംപ 42, ധവാൻ സി സ്റ്റാർക്ക് ബി റിച്ചാർഡ്സണ് 96, കോഹ്ലി സി സ്റ്റാർക്ക് ബി സാംപ 78, ശ്രേയസ് അയ്യർ ബി സാംപ 7, രാഹുൽ റണ്ണൗട്ട് 80, മനീഷ് പാണ്ഡെ സി അഗർ ബി റിച്ചാർഡ്സണ് 2, ജഡേജ നോട്ടൗട്ട് 20, ഷാമി നോട്ടൗട്ട് 1, എക്സ്ട്രാസ് 14, ആകെ 50 ഓവറിൽ ആറിന് 340.
വിക്കറ്റ് വീഴ്ച: 81/1, 184/2, 198/3, 276/4, 280/5, 338/6.
ബൗളിംഗ്: കമ്മിൻസ് 10-1-53-0, സ്റ്റാർക്ക് 10-0-78-0, റിച്ചാർഡ്സണ് 10-0-73-2, സാംപ 10-0-50-3, അഗർ 8-0-63-0, ലബൂഷെയ്ൻ 2-0-14-0.
ഓസ്ട്രേലിയ ബാറ്റിംഗ്: വാർണർ സി മനീഷ് പാണ്ഡെ ബി ഷാമി 15, ഫിഞ്ച് സ്റ്റംപ്ഡ് ബി ജഡേജ 33, സ്മിത്ത് ബി കുൽദീപ് 98, ലബൂഷെയ്ൻ സി ഷാമി ബി ജഡേജ 46, കാരെ സി കോഹ്ലി ബി കുൽദീപ് 18, ടർണർ ബി ഷാമി 13, അഗർ എൽബിഡബ്ല്യു ബി സൈനി 25, കമ്മിൻസ് ബി ഷാമി 0, സ്റ്റാർക്ക് സി രാഹുൽ ബി സൈനി 6, റിച്ചാർഡ്സണ് നോട്ടൗട്ട് 24, സാംപ സി രാഹുൽ ബി ബുംറ 6, എക്സ്ട്രാസ് 20, ആകെ 49.1 ഓവറിൽ 304.
വിക്കറ്റ് വീഴ്ച: 20/1, 82/2, 178/3, 220/4, 221/5, 259/6, 259/7, 274/8, 275/9, 304/10.
ബൗളിംഗ്: ബുംറ 9.1-2-32-1, ഷാമി 10-0-77-3, സൈനി 10-0-62-2, ജഡേജ 10-0-58-2, കുൽദീപ് 10-0-65-2.
സൂപ്പർമാൻ പാണ്ഡെ
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മനീഷ് പാണ്ഡെയുടെ ക്യാച്ച് കണ്ട് സർവരും അദ്ഭുതപ്പെട്ടു. സൂപ്പർമാൻ സ്റ്റൈലിൽ ഒറ്റകൈകൊണ്ടുള്ള പാണ്ഡെയുടെ ഉജ്വല ക്യാച്ചിൽ ഡേവിഡ് വാർണറാണ് പുറത്തായത്. ആദ്യ ഏകദിനത്തിൽ സെഞ്ചുറി നേടി ഓസ്ട്രേലിയയെ ജയത്തിലെത്തിച്ചതിന്റെ മുന്നണിപ്പോരാളിയായിരുന്നു വാർണർ.
മുഹമ്മദ് ഷാമി എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്തിലായിരുന്നു കാണികളെ അന്പരപ്പിച്ച പാണ്ഡെ ക്യാച്ച്. ഫോർ അടിച്ചായിരുന്നു വാർണർ ഷാമിയുടെ ആ ഓവറിനെ വരവേറ്റത്. എന്നാൽ, അടുത്ത പന്തിൽ വാർണർ അടിച്ച ഷോട്ട് പാണ്ഡെയുടെ കൈയിലേക്ക്.വായുവിൽ ഉയർന്നുചാടി വലതുകൈ മുകളിലേക്കുയർത്തി ഒറ്റക്കൈകൊണ്ട് പാണ്ഡെ പന്ത് കൈപ്പിടിയിലൊതുക്കി. കവർ പോയിന്റിലെ ആ ക്യാച്ചിൽ ഏവരും അദ്ഭുതപ്പെട്ടു. പരിക്കേറ്റ് പുറത്തായ ഋഷഭ് പന്തിന്റെ സ്ഥാനത്താണ് മനീഷ് പാണ്ഡെ പ്ലേയിംഗ് ഇലവണിലെത്തിയത്. നാലു പന്തിൽ രണ്ട് റണ്‍സുമായി ബാറ്റിംഗിൽ പരാജയമായ പാണ്ഡെയുടെ ഫീൽഡിംഗ് ക്ലാസ് വ്യക്തമാക്കുന്നതായിരുന്നു ആ ക്യാച്ച്.
ധവാനും രോഹിത്തിനും പരിക്ക്
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗിനിടെ പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഫീൽഡിംഗിന് ഇറങ്ങിയില്ല. ധവാനു പകരം യുസ്വേന്ദ്ര ചാഹലാണ് ഫീൽഡിൽ എത്തിയത്. ഫീൽഡിംഗിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ രോഹിത് ശർമയ്ക്കും പരിക്കേറ്റു. പന്ത് ഡൈവ് ചെയ്ത് പിടിക്കുന്നതിനിടെ തോൾ നിലത്ത് കുത്തിയാണ് രോഹിത്തിനു പരിക്കേറ്റത്. ഇതോടെ ഇന്ത്യയുടെ രണ്ട് ഓപ്പണർമാർക്കും മൈതാനത്ത് മത്സരം പൂർത്തിയാക്കാനായില്ല. രോഹിത്തിനു പകരം കേദാർ ജാദവ് ഫീൽഡിലെത്തി.
പിഴ വിധിച്ചു, പിൻവലിച്ചു
പിച്ചിലെ സംരക്ഷിത മേഖലയിലൂടെ ഓടിയതിന് ഇന്ത്യക്ക് ഓണ്‍ഫീൽഡ് അന്പയർ അഞ്ച് റണ്‍സ് പെനൽറ്റി വിധിച്ചു. എന്നാൽ, പിന്നീട് അത് പിൻവലിച്ചു. ഇന്ത്യൻ ഇന്നിംഗ്സിനിടെ രവീന്ദ്ര ജഡേജയാണ് പിച്ചിലെ സംരക്ഷിത മേഖലയിലൂടെ ഓടിയത്. തുടർച്ചയായി രണ്ട് തവണ തെറ്റ് ചെയ്താൽ മാത്രമെ അഞ്ച് റണ്‍സ് പിഴ വിധിക്കാൻ പാടുള്ളൂ എന്നാണ് ചട്ടം. പിഴ നിലനിന്നിരുന്നെങ്കിൽ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ അഞ്ച് റണ്‍സ് എന്ന നിലയിലാകുമായിരുന്നു ഇന്നിംഗ്സ് തുടങ്ങുക.