കല്ലൂർ (തൃശൂർ): ഞെള്ളൂരിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതി തൂങ്ങി മരിച്ചതറിഞ്ഞ് ആത്മഹത്യക്കൊരുങ്ങിയ ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. അനന്തപുരയ്ക്കൽ സുനിൽകുമാറിന്റെ ഭാര്യ ശിശിരയാണ് (23) വീടിനകത്തെ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്.
ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ശിശിര മുറിക്കുള്ളിലെ ഉൗഞ്ഞാലിലെ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നു പറയുന്നു. സംഭവം അറിഞ്ഞ വീട്ടുകാരും സമീപവാസികളും ചേർന്ന് ശിശിരയെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിശിര മരിച്ചതറിഞ്ഞ് ഭർത്താവ് സുനിൽകുമാർ ഇതേ മുറിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഇയാളെ സമീപവാസികൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ശിശിരയുടെ അച്ഛൻ അന്പഴപ്പിള്ളി കൃഷ്ണന്റെ പരാതിയിൽ പുതുക്കാട് പോലീസ് സുനിൽ കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയവിവാഹിതരായ ഇവർക്ക് രണ്ടര വയസുള്ള മകനും, ഒന്നര വയസുള്ള മകളുമുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഒരു വർഷമായി ഇവർതമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പറയുന്നു.
ഇതിനിടെ ആത്മഹത്യക്ക് ശ്രമിച്ച സുനിൽകുമാറിനെകൊണ്ട് ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലൻസിന് ടോൾ പ്ലാസയിൽ വഴിയൊരുക്കിയില്ലെന്ന് ആംബുലൻസ് ഡ്രൈവറും ബ്ലോക്ക് പഞ്ചായത്തംഗവുമായ പ്രിബനൻ ചുണ്ടേലപറന്പിൽ ആരോപിച്ചു.
വീട്ടിൽ നിന്നിറങ്ങിയ ഉടനെ ടോൾ പ്ലാസ അധികൃതരെ വിളിച്ച് എമർജൻസി ട്രാക്കിലെ തിരക്ക് ഒഴിവാക്കി തരണമെന്ന് അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്ന് പറയുന്നു. 20 മിനിറ്റോളം നീണ്ട നിരയിൽ കിടന്നാണ് ആംബുലൻസ് ടോൾ പ്ലാസ കടന്നത്.