സ്വന്തം ലേഖകൻ
കോലഴി: പർവതാരോഹണ ക്യാന്പിലേക്ക് രാത്രിയിൽ മലകയറിയെത്തിയ തൃശൂർ ജില്ല കളക്ടർ എസ്.ഷാനവാസ് ക്യാന്പിലെ താരമായി. രാത്രി ഒന്പതോടെയാണ് കളക്ടർ കോലഴി അത്തേക്കാട് റോക്ക് സെന്ററിലെത്തിയത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ജില്ല മൗണ്ടനേറിംഗ് അസോസിയേഷനാണ് പർവതാരോഹണ ചാന്പ്യൻഷിപ്പ് ക്യാന്പ് നടത്തുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പുറമെ യുവതിയുവാക്കളും യൂത്ത് ക്ലബ് അംഗങ്ങളുമടക്കം ഇരുനൂറോളം പേർ ക്യാന്പിലുണ്ട്.
മലമുകളിലേക്ക് നടന്നുകയറിയെത്തിയ കളക്ടറെ ക്യാന്പംഗങ്ങൾ ആഹ്ലാദത്തോടെയാണ് വരവേറ്റത്. വിദേശ രാജ്യങ്ങളിലുള്ള ഇത്തരം ക്യാന്പുകളെക്കുറിച്ചും ധീരൻമാരും സാഹസികരുമായ പർവതാരോഹകരെക്കുറിച്ചുമെല്ലാം കളക്ടർ വാചാലനായി. 2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടു നിന്ന് സംസ്ഥാന സർക്കാരിന്റെ ആദരം നേടിയ തൃശൂരിലെ പർവതാരോഹണ അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കളക്ടർ പരാമർശിച്ചു.
പ്രളയകാലത്ത് പ്രളയജലത്തിൽ മുങ്ങിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾക്കും ടവറുകൾക്കുമിടയിലൂടെ റോപ്പിൽ കയറി അതിസാഹസികമായി ജില്ല മൗണ്ടനേറിംഗ് അസോസിയേഷൻ രക്ഷാപ്രവർത്തനം നടത്തിയ കാര്യങ്ങൾ താൻ ജില്ലയിൽ ഉണ്ടായിരുന്നില്ലെങ്കിലും അറിയാൻ സാധിച്ചെന്നും മനുഷ്യനൻമക്കായി സാഹസികതയെ കാണുന്ന ഇത്തരം ക്യാന്പുകൾ വ്യാപകമായി സംഘടിപ്പിക്കണമെന്നും കളക്ടർ ഷാനവാസ് പറഞ്ഞു.
യുവതലമുറ കൂടുതലായി ഇത്തരം ക്യാന്പുകളിലേക്കും പ്രവർത്തനങ്ങളിലേക്കും വരണമെന്ന് കളക്ടർ ഓർമിപ്പിച്ചു.നിറഞ്ഞ കൈയടികളോടെയാണ് ക്യാന്പംഗങ്ങൾ കളക്ടറുടെ വാക്കുകൾ സ്വീകരിച്ചത്. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡേവിസ് സെബാസ്റ്റ്യൻ, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബെന്നി, രവിന്ദ്രൻ, പ്രവീണ്, സംഗീത് എന്നിവർ പങ്കെടുത്തു.