കോഴിക്കോട് : ചെറുകിട വ്യവസായ സംരംഭം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയെന്ന ആരോപണവുമായി യുവ സംരംഭക. പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോട് കീച്ചേരില്‍ വീട്ടില്‍ ജൂലി ടോണി എന്ന വീട്ടമ്മയാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് വ്യവസായ സംരംഭം അടച്ചുപൂട്ടിയത്. സിപിഎം പ്രാദേശിക നേതാക്കള്‍ സംരംഭം പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നും വധഭീഷണിമുഴക്കുകയാണെന്നും ജൂലി ടോണി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോലീസിന് കൈമാറിയെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും അനുകൂല നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും തല്‍സ്ഥിതി തുടരുകയാണെങ്കില്‍ രണ്ടു കുട്ടികളും ഭര്‍ത്താവുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു നിവൃത്തികളില്ലെന്നും ജൂലി പറഞ്ഞു.
ജൂലി പറയുന്നതിങ്ങനെ : 2016 -ലാണ് 90 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് കുപ്പായക്കോട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് റബര്‍ ഷീറ്റ് ഉത്പാദിപ്പിക്കുന്ന സംരംഭം തുടങ്ങിയത്. റബര്‍പാല്‍ വിലയ്ക്കുവാങ്ങി തികച്ചും പരിസ്ഥിതി സൗഹൃദപരമായും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും റബര്‍ ഷീറ്റ് ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ജില്ലയിലെ റബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുവാനും പ്രത്യക്ഷമായി 20 പേര്‍ക്കും പരോക്ഷമായി നൂറിലേറെ പേര്‍ക്കും ഈ സംരംഭംകൊണ്ട് തൊഴില്‍ ലഭിക്കുമായിരുന്നു.
എന്നാല്‍ ഫാക്ടറിയുടെ നിര്‍മാണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ എതിര്‍പ്പുമായി ചിലര്‍ രംഗത്തെത്തി. സമീപത്തെ സ്ഥലത്തേക്കുള്ള വഴിയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. പിന്നീട് ഓരോരോ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഫാക്ടറി പൂട്ടിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു.
കുന്നിടിച്ചാണ് ഫാക്ടറി നിര്‍മിച്ചതെന്ന് പരിസരവാസികളെ തെറ്റിദ്ധരിപ്പിച്ച് ഒപ്പുശേഖരണം വരെ നടത്തി.
എന്നാല്‍ സ്ഥലം വാങ്ങുന്നതിന് മുമ്പേ തന്നെ കുന്നിടിച്ചിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് ഒപ്പുശേഖരണം നടത്തിയത്. പ്രശ്നങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ചത് സിപിഎം നേതാക്കളായിരുന്നു. ഇവര്‍ പണത്തിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ജൂലി ആരോപിച്ചു. പണം നല്കിയാല് എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരമാവുമെന്ന രീതിയിലാണ് നേതാക്കളുടെ സമീപനം.
കൂടാതെ സമീപത്തുള്ള ഭൂമി വിലയ്ക്കു വാങ്ങിപ്പിക്കാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ട്.കോട്ടയം ജില്ലക്കാരിയായ തന്റെ അമ്മാവന് സിപിഎം പ്രവര്‍ത്തകനാണ്. ഇവര്‍ നേരിട്ടെത്തി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് ആക്രമിക്കാനൊരുങ്ങുകയും വധഭീഷണി മുഴക്കുകയും വരെ ചെയ്ത സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്. വാഹനമുപയോഗിച്ചായിരുന്നു ആക്രമിക്കാനൊരുങ്ങിയത്. വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും പോലീസ് കാര്യമായ നടപടി സ്വീകരിച്ചില്ല.
നിലവില്‍ ഫാക്ടറി അടഞ്ഞു കിടക്കുകയാണ്. കിടപ്പാടം പണയപ്പെടുത്തിയാണ് ബാങ്ക് വായ്പയെടുത്തതെന്നും തിരിച്ചടയ്ക്കാനാവാത്തതിനാൽ ജപ്തിഭീഷണിയുടെ അവസ്ഥയാണുള്ളതെന്നും ജൂലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നാണ് ജൂലിയുടെ അഭ്യര്‍ത്ഥന.