ആനിമേഷൻ സിനിമ അവതരിപ്പിച്ച് വിവാഹാഭ്യർഥന നടത്തി ലൊസാഞ്ചലോസ് സ്വദേശി. ലീ ലോച്ച്ലർ എന്നയാളാണ് സ്തുതി എന്ന പെണ്‍കുട്ടിയോട് തന്റെ മനസിലെ പ്രണയം തുറന്ന് പറയാൻ സാങ്കേതികവിദ്യയുടെ കൂട്ട് പിടിച്ച് അൽപം വ്യത്യസ്തനാകുന്നത്.
കഴിഞ്ഞ ആറ് മാസങ്ങൾക്കൊണ്ട് ഡിസൈനറായ കയാൽ കൂമ്പ്സിനൊപ്പം ചേർന്നാണ് ലീ ഈ മനോഹരമായ ആനിമേഷൻ ദൃശ്യങ്ങൾ ഒരുക്കിയത്. ഒരു തീയറ്ററിൽ വച്ചാണ് അദ്ദേഹം തന്റെ പ്രിയതമയുടെ മുൻപിൽ ഈ വീഡിയോ അവതരിപ്പിച്ചത്.
വീഡിയോ അവസാനിച്ചതിന് പിന്നാലെ ലീ മുട്ട് കുത്തി നിന്ന് വിവാഹാഭ്യർഥന നടത്തി. എന്നാൽ ഇതുകൊണ്ടൊന്നും സർപ്രൈസ് അവസാനിപ്പിക്കാൻ ലീ ഒരുക്കമായിരുന്നില്ല. സ്തുതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ഇവർക്കു ചുറ്റും തീയറ്ററിൽ ഇരുന്നത്.
സംഭവമെല്ലാം കണ്ട് കിളിപോയ സ്തുതി നിറഞ്ഞ മനസോടെ ലീയെ മനസിൽ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇരുവർക്കും ആശംസകൾ അർപ്പിച്ച് നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.