ചാത്തന്നൂർ: സാമൂഹ്യക്ഷേമ പ്രവർത്തനം നടത്തുന്ന സംഘടനകൾ പ്രോത്സാഹനം നല്കി നല്ല കൃഷിക്കാരെ സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് നടൻ സലിം കുമാർ.കർഷകർക്ക് കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയില്ല.അവർക്ക് വളർത്താനും സംരക്ഷിക്കുവാനും മാത്രമേ കഴിയൂ. നിരവധി ജയിലുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും കുറ്റവാളിയായി ഒരു കർഷകനെയും അവിടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അഗ്രികൾച്ചർ അതാണ് കൾച്ചർ നമ്മുടെ സംസ്കാരമെ ന്നും അദ്ദേഹം പറഞ്ഞു. കല്ലുവാതുക്കൽ അമ്മചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികാഘോഷവും അമ്മ പ്രഭ പുരസ്കാര സമർപ്പണവും നിർവഹി ച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യമായ ആചാരങ്ങളെയും സംസ്കാരത്തെയും സംരക്ഷിക്കാൻ ശ്രമിക്കണം. കേരളത്തിൽ ഗൾഫിലെ ഈന്തപ്പന വളരില്ല ഗൾഫ് നാടുകളിൽ കേരളത്തിലെ പാളയംകോടൻ വാഴയും വളരില്ല. അതുപോലെയാണ് ഓരോ നാടിന്റെയും സംസ്കാരം വല്ലവന്റെയും സംസ്കാരങ്ങളെ നമ്മുടെ മണ്ണിലേക്ക് പറിച്ചുനടാൻ ശ്രമിക്കുമ്പോൾ നശിപ്പിക്കുന്നത് നമ്മുടെ സംസ്കാരത്തെയാണ്.
ആൺകുട്ടികൾക്ക് ബൈക്കും പെൺകുട്ടികൾക്ക് മൊബൈൽ ഫോണും വാങ്ങിച്ചുനല്കുന്ന രക്ഷാകർത്താക്കൾ വലിയ ദുരന്തത്തിലേയ്ക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മക്കളെ നമ്മളെപ്പോലെ വളർത്തണം. നല്ല ചലച്ചിത്രങ്ങൾക്ക് പ്രേക്ഷകരില്ലെന്നും മൂന്ന് ചിത്രങ്ങൾ നിർമിച്ച അനുഭവം അദ്ദേഹം പറഞ്ഞു. കലാരൂപങ്ങൾക്ക് സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയും. നാട്ടിലെ നന്മകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നും അദ്ദേഹം പരിതപിച്ചു.
അമ്മ പ്രഭ പുരസ്കാരം ചലച്ചിത്ര സംവിധായകൻ റെജി പ്രഭാകരന് അദ്ദേഹം സമ്മാനിച്ചു. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ അധ്യക്ഷനായി. തിരക്കഥാകൃത്ത് രാജൻ കിരിയത്ത്, സിനിമാ പ്രവർത്തകനായ വേണു സി. കിഴക്കനേ ല, പ്രദീപ് വൈഗ, പരവൂർ ഉണ്ണി .ഡോ.ഗീതാജ്ഞലി, ഗിരീഷ് കുമാർ നടയ്ക്കൽ, ശ്രീജ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. സർക്കാർ ഐ കെയർ യൂണിറ്റിന്റെ സഹകരണത്തോടെനേത്ര പരിശോധന ക്യാമ്പ് നടത്തി. കഴിഞ്ഞ മാസം നടത്തിയ ക്യാമ്പിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് സൗജന്യമായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ് കണ്ണട വിതരണവും നടത്തി.