പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അരിപ്ര സ്വദേശിയായ മുഹമ്മദ് അസ്ലം (22) ആണ് മങ്കട പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ സ്വർണാഭരണങ്ങൾ ഇയാൾ വിൽക്കുകയും ചെയ്തു. പരാതിയെ തുടർന്നു ഒളിവിൽ പോയ യുവാവ് സ്വന്തം മൊബൈൽ ഫോണ്‍ ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചിരുന്നു.
വയനാട്ടിലെത്തി ഒരു ടാക്സി ഡ്രൈവറുടെ ഫോണിൽ നിന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ചതാണ് പോലീസിനു അന്വേഷണത്തിൽ തുന്പായത്. മങ്കട എസ്ഐ അബ്ദുൾ അസീസ്, എഎസ്ഐ ബൈജു കാലയിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു കുര്യാക്കോസ്, ജയമണി, ബിന്ദു, ഹോംഗാർഡ് ജയചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.