കാൺപുർ: മാനഭംഗക്കേസിൽ പരാതി നല്കിയ പെൺകുട്ടിയുടെ അമ്മയെ ജാമ്യത്തിലിറങ്ങി മർദിച്ചുകൊലപ്പെടുത്തിയ ആറുപേരിൽ രണ്ടു പ്രതികളെ പോലീസ് സാഹസികമായി പിടികൂടി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ കാൽമുട്ടിനു താഴെ വെടിവച്ചാണു പോലീസ് കീഴ്പ്പെടുത്തിയത്. കേസിൽ നാലുപേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേർ ഒളിവിലാണ്.
തന്റെ മകൾ മാനഭംഗത്തിനിരയായെന്നു ചൂണ്ടിക്കാട്ടി 2018ൽ പ്രദേശവാസിയായി മഹഫൂസ് എന്നയാൾക്കെതിരേ യുവതി നല്കിയ പരാതിയിൽ മഹഫൂസിനെകൂടാതെ കുറ്റക്കാരെന്നു കണ്ടെത്തിയ ജമീക്ക്, പിന്റു, ബാബു, വാകിൽ, ഫിറോസ് എന്നിവർക്കു കോടതി ജയിൽശിക്ഷ വിധിച്ചു.
ജനുവരി ഒൻപതിനു ജാമ്യത്തിലിറങ്ങിയ പ്രതികൾ അന്നു രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി നാൽപതുകാരിയായ അമ്മയെ കന്പിവടിയും കല്ലുകളുമുപയോഗിച്ചു മർദിച്ചവശയാക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.
കാൺപുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഇവർ മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരുടെ സഹോദരി അപകടനില തരണം ചെയ്തിട്ടില്ല. ഇവർ കാൺപുരിലെ ബിജെപി നേതാവാണ്.