ഐഎസിലെ ‘ഏറ്റവും വലിയ’ ഭീകരന്‍ പിടിയില്‍. ഇറാഖി സൈന്യത്തിന്റെ സ്വാറ്റ് ടീമാണ് ഏകദേശം 250 കിലോഗ്രാം ഭാരമുള്ള അബു അബ്ദുള്‍ ബാരിയെ പിടികൂടിയത്. സാമൂഹികമാധ്യമങ്ങളില്‍ ‘ജബ്ബാ ദ ജിഹാദി’ എന്നറിയപ്പെടുന്ന ഇയാള്‍ പ്രകോപനപരമായ പ്രസംഗങ്ങളുടെപേരില്‍ കുപ്രസിദ്ധനായ ഐ.എസ്. നേതാവും മതപുരോഹിതനുമാണ്. ഇറാഖി പോലീസ് വാഹനത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാല്‍, പിക്അപ് ട്രക്കില്‍ കയറ്റിയാണു ‘പൊണ്ണത്തടിയന്‍ ഭീകരനെ’ സ്വാറ്റ് ടീം കൊണ്ടുപോയത്.
ഐ.എസിനോടു വിധേയത്വം പുലര്‍ത്താത്ത മുസ്ലിം മതപുരോഹിതരെ വധിക്കാന്‍ ‘ഫത്വ’ പുറപ്പെടുവിച്ചിരുന്നതു ബാരിയാണ്. പൊണ്ണത്തടി മൂലം ഇയാള്‍ക്കു യാത്രകള്‍ അസാധ്യമായിരുന്നു. ഇയാളുടെ കുറ്റകൃത്യങ്ങള്‍ വിവരിച്ച് ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇസ്ലാം തീവ്രവാദവിരുദ്ധ പ്രവര്‍ത്തകന്‍ മജീദ് നവാസ് ഫെയ്സ്ബുക്ക് കുറിപ്പ് ഇടുകയും ചെയ്തു. ആ കുറിപ്പ് ഇങ്ങനെ… ‘ദൈവം തങ്ങള്‍ക്കൊപ്പമാണെന്നു കരുതുന്ന ഐഎസ് വിഡ്ഢികള്‍ക്കുള്ള മറ്റൊരു തിരിച്ചടിയാണിത്. ഈ മാലിന്യം നീക്കം ചെയ്യപ്പെടുന്നത് സിറിയക്കാരെയും ഇറാഖികളെയും സംബന്ധിച്ച് നല്ല വാര്‍ത്തയാണ്.
തടിയന്‍ ഭീകരന്‍ പിടിയിലായത് ഐഎസിന് വലിയ തിരിച്ചടിയാണ്. കൊല്ലാനും കൊല്ലപ്പെടാനും ഐ.എസ്. പ്രവര്‍ത്തകരോട് ഇയാള്‍ ആജ്ഞാപിച്ചിരുന്നത് ഇസ്ലാമിന്റെ പേരിലാണ്. എന്നാല്‍, പ്രാഥമികാവശ്യങ്ങള്‍ക്കല്ലാതെ സ്വന്തം ദേഹമനക്കാന്‍ ഈ ഹിപ്പോപൊട്ടാസിനു താത്പര്യമുണ്ടായിരുന്നില്ല. അയാളൊരു ഹിപ്പോക്രാറ്റ് ആയിരുന്നുവെന്നും നവാസ് വ്യക്തമാക്കി.