ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ഗ്രൂപ്പ് നേതാക്കൾ വഴങ്ങാത്ത സാഹചര്യത്തിൽ ജംബോ പട്ടിക തന്നെയാകും പ്രഖ്യാപിക്കുക. നൂറോളം ഭാരവാഹികൾ പട്ടിയിലുണ്ടാകും.
ഒരാൾക്ക് ഒരുപദവിയിലും ജംബോ പട്ടിക പാടില്ലെന്നുമുള്ള നിലപാടുകളിൽ അവസാനനിമിഷം വരെ മുല്ലപ്പള്ളി ഉറച്ചുനിന്നെങ്കിലും ഗ്രൂപ്പ് സമർദ്ദം കാരണം ഫലം കണ്ടില്ല. തർക്കം തുടർന്നാൽ പട്ടിക ഇനിയും വൈകുമെന്നതും മുല്ലപ്പള്ളി വഴങ്ങാൻ കാരണമായി. മുതിർന്ന നേതാവ് കെ.വി. തോമസ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നാണു സൂചന. ഇദ്ദേഹത്തെ ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്.
അഞ്ചു വർക്കിംഗ് പ്രസിഡന്റുമാരും ആറു വൈസ് പ്രസിഡന്റുമാരും, 24 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതാണു പ്രധാന ഭാരവാഹിപ്പട്ടിക. കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷിനും പുറമേ ഐ ഗ്രൂപ്പിൽനിന്ന് വി.ഡി. സതീശനും എ ഗ്രൂപ്പിൽനിന്ന് പി.സി. വിഷ്ണുനാഥും വർക്കിംഗ് പ്രസിഡന്റുമാരാകും.
സെക്രട്ടറിമാരായി 60 പേരുടേയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 50 പേരുടേയും പട്ടികയാണു ഗ്രൂപ്പ് നേതൃത്വങ്ങൾ നൽകിയത്. ഇതിനു പുറമേ എംപിമാരുടെ നോമിനികളും ഉൾപ്പെടും