ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ പീഡനമാണെന്ന മുൻ പരാമർശത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ ചേതൻ ഭഗത്. എൻആർസി മതേതരമായിരിക്കാം, പക്ഷേ ജനങ്ങൾക്ക് ഇതു വലിയ ഉപദ്രവമാണെന്നു ചേതൻ ആവർത്തിച്ചു. ജനങ്ങളെ വിഭജിക്കാനാണു ബിജെപി എല്ലായ്പ്പോഴും ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ ജനങ്ങൾക്കുള്ള ഭീതി യഥാർഥമാണ്. സർക്കാർ വലിയ ഭയം സൃഷ്ടിക്കുന്നു, പ്രത്യേകിച്ചു ന്യൂനപക്ഷ വിഭാഗങ്ങളിൽ. ബിജെപി എല്ലായ്പ്പോഴും ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതാണു ജനങ്ങൾ കരുതുന്നത്. എൻആർസി മതേതരമായിരിക്കാം, പക്ഷേ അതു പീഡനമാണ്. വോട്ടർ ഐഡി, ആധാർ, പാസ്പോർട്ട് ഒന്നും ബാധകമല്ല. എത്ര തവണ ജനങ്ങൾ വ്യക്തിത്വം തെളിയിക്കേണ്ടി വരും. ഇത് എപ്പോഴാണ് അവസാനിക്കുന്നത്- ചേതൻ ചോദിച്ചു.
എൻആർസി വലിയ ചെലവുവരുന്നതും അർഥമില്ലാത്തതുമായ പ്രവർത്തനമാണ്. ഇത് ആഭ്യന്തര യുദ്ധത്തിനു വഴിവയ്ക്കും. എല്ലാ രേഖകളും നഷ്ടപ്പെട്ടവർ എന്താണ് ചെയ്യുക. എല്ലാ രേഖകളുമുണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് അതു നിരസിക്കാം. അപ്പോൾ കോടതിയെ സമീപിക്കുക എന്നതു മാത്രമാണു പോംവഴിയെന്നും ചേതൻ ചൂണ്ടിക്കാട്ടി.
വെറും അഞ്ചു ശതമാനം ആളുകൾ മാത്രം രേഖകളില്ലാത്തവരാണെന്നു കണ്ടെത്തിയാൽ മാത്രം അത് ആറു കോടി വരും. ഇവരെ എന്തു ചെയ്യും. അവരെ പുറത്താക്കാൻ കഴിയില്ല. അവരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ചേതൻ പറഞ്ഞു.