കോട്ടയം: ഓണ്‍ലൈൻ വില്പന സൈറ്റിൽ ഇരുചക്ര വാഹനവായ്പയ്ക്കായി അന്വേഷണം നടത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പിടിയിലായ യുവാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും. പുതുപ്പള്ളി പരിയാരം പാലക്കുളത്ത് ഐജു മാത്യു (28)വാണ് അറസ്റ്റിലായത്. ആലപ്പുഴ നെടുമുടി ചന്പക്കുളം പുതിയമഠത്തിൽ ടോം ജോർജിനെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
2019 ഡിസംബർ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുചക്ര വാഹനം വാങ്ങുന്നതിനായി വായ്പ ആവശ്യമുണ്ടെന്നു കാണിച്ചു ടോം ജോർജ് ഓണ്‍ലൈൻ സൈറ്റിൽ പരസ്യം നൽകി. ഇതു കണ്ടു ഐജു മാത്യു ടോം ജോർജിനെ ഫോണിൽ ബന്ധപ്പെട്ടശേഷം ആവശ്യമായ രേഖകൾ വാട്സ്അപ്പിലുടെ വാങ്ങി പരിശോധിച്ചശേഷം, വായ്പ അനുവദിക്കുന്നിനു ആവശ്യമായ സിബിൽ സ്കോർ കുറവാണെന്നും, ഇത് കൂട്ടുന്നതിനായി 70,000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ ടോം അക്കൗണ്ടിൽ 70,000 രൂപ നിക്ഷേപിച്ചു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ട ഐജു, ടോമിനോട് കോട്ടയത്ത് എത്താൻ നിർദേശിച്ചു. ഇവിടെയെത്തിയപ്പോൾ കുടയംപടി ഭാഗത്ത് എത്താൻ നിർദേശിച്ചു. ക്രെഡിറ്റ് സ്കോർ വർധിപ്പിക്കുന്നതിന് ആവശ്യമായ രേഖകളും മൂന്നു ചെക്കും കുടയംപടി ഭാഗത്ത് വച്ച് ടോം ഐജുവിന് നല്കി. ഇതിനുശേഷം ടോം വീട്ടിലെത്തിയപ്പോൾ ഐജുവിന് നൽകിയ ചെക്ക് ഉപയോഗിച്ച് 60,000 രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തി.
ചിങ്ങവനത്തെ ഫെഡറൽ ബാങ്കിൽ നിന്നുമാണ് പണം പിൻവലിച്ചതെന്നാണ് കണ്ടെത്തിയത്. തുടർന്ന് ടോം ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് രണ്ടു ചെക്കുകളും ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകി. തുടർന്ന് ഐജുവിനെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി.
മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ മറ്റൊരു സ്ഥലത്തേയ്ക്കു താമസം മാറ്റിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൈപ്പുഴ ഭാഗത്ത് വാടക വീട്ടിൽ ഒളിച്ചു താമസിക്കുന്നതായി ജില്ലാ പോലീസ് ചീഫ് പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത്, എഎസ്ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ടി.ജെ. സജീവ്, വിനീഷ് പി. രാജൻ, സിവിൽ പോലീസ് ഓഫിസർ കെ.ആർ. ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.