കോട്ടയം: ചെക്ക് കേസിൽ കോട്ടയം നഗരസഭ മുൻ അംഗത്തിനു തടവും പിഴയും. കളക്ടറേറ്റ് മുള്ളൻകുഴിയിൽ ഡോറിസ് ജോസിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.ബി. സുജയമ്മ ഒരു മാസം തടവിനും രണ്ടര ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. വടവാതൂർ വടാമറ്റത്തിൽ വി.സി. ചാണ്ടിയിൽനിന്നും പണം കടംവാങ്ങിയശേഷം ഡോറിസ് ജോസ് പകരം ചെക്ക് നൽകുകയാണു ചെയ്തിരുന്നത്. കോട്ടയം ഐഎൻജി വൈശ്യ ബാങ്കിൽ അക്കൗണ്ട് അവസാനിപ്പിച്ചിരുന്നതിനാൽ ചെക്ക് മടങ്ങി. ഇതിനെതിരെ ചാണ്ടി നൽകിയ കേസിൽ ഡോറിസ് ജോസിനെ 2017ൽ കോട്ടയം മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു.
ഇവർ ഇതിനെതിരെ അപ്പീലുമായി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷയാണ് ശരിവച്ചത്. വാദിഭാഗത്തിനുവേണ്ടി വിനു ജേക്കബ് മാത്യു കോടതിയിൽ ഹാജരായി.