സ്വന്തം ലേഖകൻ
തൃശൂർ: ഏറ്റവുമധികം ഗിന്നസ് റെക്കോർഡുകൾ സാക്ഷ്യം വഹിച്ചതിനുള്ള ഗിന്നസ് പുരസ്കാരം തൃശൂരിന് കിട്ടുമോ…..തൃശൂർക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ ഗിന്നസ് പ്രഖ്യാപനത്തിനാണ്. അടുത്തിടെയായി തൃശൂരിൽ നടന്ന ഗിന്നസ് പ്രകടനങ്ങൾ പലതാണ്.ശിങ്കാരിമേളം, തിറകളി, മുരളീനാരായണന്റെ 108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം, ഇരിങ്ങാലക്കുടയിലെ തൈവകാള സംഗം, ഒടുവിൽ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച്ഭീമൻ കേക്കും ഗിന്നസിൽ കയറി.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ശിങ്കാരിമേളത്തിന്റെ ഗിന്നസ് പ്രകന്പനത്തിന് തേക്കിൻകാട് മൈതാനം സാക്ഷിയായത്. ശിങ്കാരിമേളം വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു 2022 പേരുടെ മെഗാ ശിങ്കാരിമേളം അവതരിപ്പിച്ചത്. തൃശൂരിൽ നടത്തിയ തിറമഹോത്സവം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ഇടം പിടിച്ചതും കഴിഞ്ഞ ഡിസംബറിൽ തേക്കിൻകാട് മൈതാനിയിൽ വെച്ചു തന്നെ.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിൽപരം കലാകാരൻമാർ അണിനിരന്ന തിറകളി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ശുപാർശ ചെയ്യുകയും ഏഷ്യൻ റെക്കോർഡ്സിന് അപേക്ഷ നൽകുകയും ചെയ്തു.
108 മണിക്കൂർ തുടർച്ചയായ പുല്ലാങ്കുഴൽ വാദനത്തിലൂടെ പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് തൃശൂർ തളിക്കുളം സ്വദേശി മുരളി നാരായണന്റെ സംഗീതമഹായാനം ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റി.
ആയിരത്തിലധികം ഗാനങ്ങൾ വിവിധ വിഭാഗങ്ങളിലായി മുരളിയുടെ വൈവിധ്യമാർന്ന പുല്ലാങ്കുഴലുകളിൽ നിന്ന് പെയ്തിറങ്ങി. 27 മണിക്കൂർ 32 മിനുറ്റ് നേരം തുടർച്ചയായി പുല്ലാങ്കുഴൽ വാദനം നടത്തിയ യുകെ സ്വദേശിനി കാതറിൻ ബ്രൂക്കിന്റെ റെക്കോർഡാണ് മുരളി മറികടന്നത്. മാനവസൗഹാർദ്ദത്തിനും ലോകസമാധാനത്തിനും വേണ്ടി എന്ന ഓർമപ്പെടുത്തലോടെയാണ് മുരളീനാരായണൻ 108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം നടത്തിയത്.
പോയവർഷം അവസാനം ഇരിങ്ങാലക്കുടയിൽ നടന്ന തൈവകാള സംഗമം ലോക റെക്കോർഡ് നേടിയതും തൃശൂർ ജില്ലയ്ക്ക് അഭിമാനമായി. 75ഓളം തൈവകാളകളും കാളകളിക്കായി 150ഓളം പേരും കുട പിടിക്കാനായി 24 പേരും നൂറോളം ചെണ്ടക്കാരും മുടിയാട്ടത്തിനും വെട്ടും തടയ്ക്കുമായി 148 പേരുമടക്കം 422 കലാകാരൻമാർ അണിനിരന്ന തൈവകാള സംഗമവും പുതിയ ചരിത്രത്തിലേക്കാണ് ചുവടുവെച്ചത്.
2019 വിടവാങ്ങി 2020 പിറന്നപ്പോഴും തൃശൂർ ഗിന്നസ് റെക്കോർഡുകളുടെ ഒപ്പമായിരുന്നു. ചൈനയുടെ പേരിൽ കുറിച്ചിരുന്ന ഭീമൻ കേക്കിന്റെ റെക്കോർഡാണ് പുതുവർഷത്തിൽ തൃശൂർ മറികടന്നത്. ആയിരക്കണക്കിനാളുകളെത്തിയ ഒരു മാസം നീണ്ട തൃശൂർ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഹാപ്പി ഡെയ്സിന്റെ സമാപനത്തോടനുബന്ധിച്ചാണ് തൃശൂരിൽ കേരള ബേക്കേഴ്സ് അസോസിയേഷൻ 6500 മീറ്റർ നീളമുള്ള കേക്ക് നിർമിച്ചത്.
ചൈനയിൽ നിർമിച്ച 3200 മീറ്റർ കേക്കാണ് ഇപ്പോൾ നിലവിലുള്ള റെക്കോർഡ്. ഇതിനെ മറി കടക്കുക എന്ന ലക്ഷ്യത്തോടെയാണ് 20 ടണ് ഭാരമുള്ള ഈ കേക്ക് നിർമിച്ചത്. ഗിന്നസ് പ്രകടനങ്ങൾ ഇനിയും തൃശൂരിൽ വരാൻ പോകുന്നതേയുള്ളുവെന്നാണ് സൂചനകൾ. അടുത്ത മാസം രണ്ടിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്റ്റേഡിയത്തിൽ തനിമ ഫെസ്റ്റിവലിന്റെ ഭാഗമായി നാലായിരം സ്ത്രീകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരക്കളി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് അവതരണത്തിനൊരുങ്ങുകയാണ്.
അഞ്ചു വയസുമുതൽ 79 വയസുവരെയുള്ളവർ ഇതിൽ ചുവടുവെക്കും. കാത്തിരിക്കാം…പുതിയ ഗിന്നസ് റെക്കോർഡുകൾ പൂരത്തിന്റെ നാട്ടിൽ പിറക്കുന്നതിനായി….ഗിന്നസ് പ്രതിനിധി തൃശൂരിൽ സ്ഥിരതാമസമാക്കിയെന്നാണ് വാട്സാപ്പിൽ തൃശൂരിന്റെ ഗിന്നസ് പെരുമ നിറയുന്നതിനോടൊപ്പം പ്രചരിക്കുന്ന ഗിന്നസ് ട്രോൾ…..