കോഴിക്കോട്: കേരളത്തിലെ ആദ്യ സൈക്കിള്‍ ട്രാക്ക് യാഥാര്‍ത്ഥ്യമായി. നവീകരിച്ച സൗത് ബീച്ചിന് തെക്ക് കോതി തീരദേശ പാതക്ക് സമാന്തരമായി നിര്‍മിച്ച ട്രാക്ക് എം.കെ.മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയതു. കടലിന് അഭിമുഖമായി പരന്ന് കിടക്കുന്ന തീരദേശ പാതയിലാണ് ട്രാക്ക് നിര്‍മിച്ചത്.
എം.കെ. മുനീര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കടപ്പുറത്ത് ചെറിയ കൂട്ടായ്മകളും മെഹ്ഫിലും മറ്റും സംഘടിപ്പിക്കാനുള്ള ഇടവും ഉണ്ട്.
രണ്ട് സൈക്കിളുകള്‍ക്ക് എതിര് ദിശകളില്‍ ഒരേ സമയം കടന്ന് പോകാനാവും വിധമാണ് നിര്‍മ്മിച്ചത്. സൈക്കിള്‍ തിരിക്കാനായി റൗണ്ടുകളും ട്രാക്കില്‍ വിവിധയിടങ്ങളില്‍ പണിതിട്ടുണ്ട്. 630 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് സൈക്കിള്‍ ട്രാക്കിനുള്ളത്. കോതി എം.കെ.റോഡ് ക്രോസ് മുതല്‍ പള്ളിക്കണ്ടി വരെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. പ്രഭാതഫസായ്ഹാന നടത്തക്കാര്‍ക്കായി ട്രാക്കിന് ഇരുവശവും പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് ട്രാക്കുകള്‍ തയ്യാറായത്. സൈക്കിള്‍ ട്രാക്കും അതിനോട് ചേര്‍ന്ന് ഇരിപ്പിടങ്ങളും ഫുട്പാത്തുകളും ദീപങ്ങളും തുറന്നതോടെ കോഴിക്കോട് കടപ്പുറത്തെ പ്രധാന ആകര്ഷകണങ്ങളായി തീരദേശ റോഡും മാറും.