കായംകുളം: സ്കൂൾ വിദ്യാർഥിയെ സൂപ്രണ്ട് കരണത്തടിച്ചെന്ന പരാതിയിൽ കായംകുളം കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിലെ സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്തു. കായംകുളം പോലീസാണ് വിദ്യാർഥിയുടെ മൊഴിയെടുത്ത ശേഷം കേസെടുത്തത്. സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ പത്തിയൂർ മേനാന്പള്ളി ഗോകുലം വീട്ടിൽ സരസന്റെ മകൻ അഭിഷേക് ( 16) ആണ് കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാവിലെ ടീച്ചർ പഠിപ്പിച്ചു കൊണ്ടിരിക്കെ അതുവഴി വന്ന സൂപ്രണ്ട് ക്ലാസ് മുറിയിൽ ഡെസ്കിന് മുകളിൽ താളം പിടിച്ചതിന്റെ പേരിൽ തന്നെ ഷർട്ടിൽ പിടിച്ച് ഓഫീസ് മുറിയിൽ കൊണ്ടുവന്ന ശേഷം കൈ കൊണ്ട് കരണത്തടിച്ചെന്നാണ് അഭിഷേക് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. നേരത്തെ ചെവിക്കു വേദനയുണ്ടായിരുന്ന വിദ്യാർഥിക്ക് ഇതോടെ വേദന ശക്തമായതിനേത്തുടർന്ന് മറ്റു വിദ്യാർഥികളും സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളും ചേർന്ന് അഭിഷേകിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് സ്കൂളിലെത്തി അന്വേഷണം നടത്തുമെന്നും സഹപാഠികളായ വിദ്യാർഥികളുടെയും സംഭവ സമയത്ത് ക്ലാസെടുത്ത അധ്യാപകരുടെയും മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കായംകുളം എസ്ഐ ഷൈജു ഇബ്രാഹിം പറഞ്ഞു.