‘കോട്ടയം: കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും കരടു വോട്ടർ പട്ടിക പരിശോധിക്കുന്നതിന് അവസരമുണ്ടാകും. വോട്ടർ പട്ടികയിൽ പേരു ചേർക്കാനും, കുറവ് വരുത്താനും കമ്മിഷൻ അവസരം ഒരുക്കുന്നുണ്ട്. പൂർണമായും ഓണ്ലൈനായി ബൂത്ത് ലെവൽ ഓഫിസർമാരുടെ സഹായത്തോടെ പേരു ചേർക്കുന്നതിനാൽ വീട്ടിലിരുന്നു തന്നെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സാധിക്കും.
2015ലെ വോട്ടർ പട്ടിക അതേ പടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ തെരഞ്ഞെടുപ്പിനു മുന്പ് വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും അവസരം നൽകിയിരുന്നു. ഈ വാർഡുകളിൽ വോട്ടർ പട്ടികയിൽ വ്യത്യാസമുണ്ടാകും.2015നു ശേഷം വോട്ടർ പട്ടികയിൽ പേരു ചേർത്തവർ തങ്ങളുടെ പേര് കരടു വോട്ടർ പട്ടികയിൽ ഉണ്ടോയെന്നു പരിശോധിക്കുക.
തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിലും കരട് പട്ടികയിൽ പേരില്ലെങ്കിൽ വീണ്ടും പേരു ചേർക്കേണ്ടി വരും. ഇതിനായി മൂന്നു തവണ കമ്മിഷൻ അവസരം നൽകും. 2019 ലെ പാർലമെന്റ് തെഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരാണെങ്കിലും 2015 ലെ പട്ടികയിൽ പേരില്ലെങ്കിൽ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. 28ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വാർഡ് വിഭജനം സംബന്ധിച്ചുള്ള സർക്കാരിന്റെ തീരുമാനം ഗവർണറുടെ പക്കലാണ്. കൂടാതെ സർക്കാർ നിയമനിർമാണത്തിനും ഒരുങ്ങുകയാണ്. അങ്ങനെ വന്നാൽ വീണ്ടും വോട്ടർപട്ടികയിൽ മാറ്റമുണ്ടാകും.
ഒക്ടോബറിൽ തെരഞ്ഞെടുപ്പെന്ന് പ്രാഥമിക സൂചന; രാഷ്ട്രീയ കേന്ദ്രങ്ങളിൽ തിരക്കിട്ട നീക്കങ്ങൾ
കോട്ടയം: ത്രിതല പഞ്ചായത്തിലേക്കും മുനിസിപ്പാലിറ്റിയിലേക്കും ഒക്്ടോബർ മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രാഥമിക സൂചന. ഇതോടെ രാഷ്്ട്രീയ കേന്ദ്രങ്ങളിൽ തിരക്കിട്ട നീക്കങ്ങളും തുടങ്ങി. കോട്ടയം ജില്ലയിൽ നിലവിൽ 71 പഞ്ചായത്തിൽ 44 എണ്ണം യുഡിഎഫും 23 എണ്ണം എൽഡിഎഫും ഭരണം നടത്തുന്നു. നാലിടത്ത് ആർക്കും ഭൂരിപക്ഷമില്ല. ആകെയുള്ള എട്ടു ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എൽഡിഎഫും ഭരണം നടത്തുന്നു.
ജില്ലാ പഞ്ചായത്ത് യുഡിഎഫാണ് ഭരിക്കുന്നത്. 22 സീറ്റുകളിൽ 14 എണ്ണം യുഡിഎഫ് നേടിയപ്പോൾ ഏഴിടത്ത് എൽഡിഎഫും ഒരിടത്ത് ജനപക്ഷവും വിജയിച്ചു.ആറു നഗരസഭകളിൽ അഞ്ചിടത്തും യുഡിഎഫ് ഭരണം നടത്തുന്പോൾ വൈക്കം മാത്രമാണ് എൽഡിഎഫിന്റെ കൈയിലുള്ളത്.സംവരണ സീറ്റുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെങ്കിലും സീറ്റുമോഹികൾ ചരടുവലികൾ ആരംഭിച്ചു.
പഞ്ചായത്തിൽ മത്സരിച്ചു ജയിച്ച് പയറ്റി തെളിഞ്ഞവർ ബ്ലോക്കിലേക്കും ബ്ലോക്ക് പഞ്ചായത്തിൽ പയറ്റി തെളിഞ്ഞവർ ജില്ലാ പഞ്ചായത്തിലേക്കുമാണ് നോട്ടമിട്ടിരിക്കുന്നത്. ഭാര്യമാർ മത്സരിച്ച സീറ്റുകളിൽ ഭർത്താക്കൻമാരും ഭർത്താക്കൻമാരുടെ സീറ്റുകൾ വനിതാ സംവരണമായാൽ ഭാര്യമാരെ മത്സരിപ്പിക്കാനും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
ത്രിതല പഞ്ചായത്ത് മുനിസിപ്പാലിറ്റികളിലെ ഭരണപക്ഷ നേട്ടങ്ങൾ ഉയർത്തിപിടിച്ച് ജനകീയ സന്പർക്ക പരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. പ്രതിപക്ഷം ആകട്ടെ അഴിമതിയും മറ്റും വികസന മുരടിപ്പും ഉയർത്തിപിടിച്ച് കോർണർ യോഗങ്ങളും സമരപരിപാടികളും ആരംഭിച്ചിട്ടുണ്ട്.
68 പഞ്ചായത്തുകളിലായി 83 പുതിയ വാർഡുകൾ
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ പഞ്ചായത്തുകളിൽ വാർഡു വിഭജനം നടത്തുന്പോൾ 68 പഞ്ചായത്തുകളിലായി 83 വാർഡുകൾ പുതിയതായി വരും. 2015ലെ സെൻസസിലെ ജനസംഖ്യാ വർധനവ് അനുസരിച്ചാണ് വിഭജനം നടത്താനൊരുങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ഒരുപഞ്ചായത്തിലും വാർഡുകൾ കുറയില്ല.
നീണ്ടൂർ, കുമരകം, അകലക്കുന്നം പഞ്ചായത്തുകളിൽ വാർഡുകൾ കൂടില്ല. തലയോലപ്പറന്പ്, അതിരന്പുഴ, കാണക്കാരി, കരൂർ, തിടനാട്, കൂരോപ്പട, പള്ളിക്കത്തോട്, മണർകാട്, മാടപ്പള്ളി, തൃക്കൊടിത്താനം, ചിറക്കടവ്, വാഴൂർ, മുണ്ടക്കയം, പാറത്തോട്, കുറിച്ചി പഞ്ചായത്തുകളിൽ രണ്ടു വാർഡുകൾ വീതം കൂടും. 53 പഞ്ചായത്തുകളിൽ ഒരു വാർഡു വീതവും കൂടും. ബ്ലോക്ക്, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലും വിഭജനം ഉണ്ടാകും. നഗരസഭ വാർഡുകൾ പുനർനിർണയിക്കപ്പെടും. എന്നാൽ പുതിയ പഞ്ചായത്തോ, നഗരസഭയോ, ബ്ലോക്ക് ഉണ്ടാകില്ല.