കാസര്‍ഗോഡ്: മംഗളൂരുവില്‍ ഡിസംബര്‍ 19 ന് നടന്ന പോലീസ് വെടിവയ്പുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കര്‍ണാടക പോലീസിന്റെ നോട്ടീസ് ലഭിച്ചവരിലധികവും മത്സ്യത്തൊഴിലാളികളും വിദ്യാര്‍ഥികളും. ഇവരെല്ലാവരും വിവിധ ആവശ്യങ്ങള്‍ക്കായി അന്നേ ദിവസം കാസര്‍ഗോഡ് ഭാഗത്തുനിന്ന് മംഗളൂരുവില്‍ എത്തിയവരാണ്.
മംഗളൂരു നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 133/2019 കേസുമായി ബന്ധപ്പെട്ട് ലഹള, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി നിയമവിരുദ്ധമായി സംഘം ചേര്‍ന്ന ആളുകളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് വിവരം ലഭിച്ചിട്ടുള്ളതായും ഇക്കാര്യത്തില്‍ തെളിവെടുപ്പിനായി പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
ഹാജരാകാത്ത പക്ഷം നിങ്ങള്‍ നിയമനടപടികളില്‍ നിന്ന് മനപൂര്‍വം ഒഴിഞ്ഞുനില്‍ക്കുന്നതായി ബോധ്യപ്പെട്ടുകൊണ്ട് ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ കത്ത് ലഭിച്ചവര്‍ക്ക് ഹാജരാകുന്നതിനായി നല്‍കിയിരിക്കുന്ന തീയതി ഇന്നാണ്.
എന്നാല്‍ തല്‍ക്കാലത്തേക്ക് ഹാജരാകേണ്ടതില്ലെന്ന നിയമോപദേശമാണ് നിയമവിദഗ്ദ്ധരും ജനപ്രതിനിധികളും നേതാക്കളും ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഹാജരാകുന്നവര്‍ ഏകപക്ഷീയമായി അറസ്റ്റുചെയ്യപ്പെടുന്നതിനും കേസില്‍ സ്ഥിരമായി ഉള്പ്പെട്ടുപോകുന്നതിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു ചെറിയ പിഴവുകൊണ്ടു പോലും ആജീവനാന്തം കേസില്‍ പെട്ടുപോകുന്ന അവസ്ഥയുണ്ടാകുമെന്ന ഭീതിയാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ച സാധാരണക്കാര്‍ക്കുള്ളത്.
മംഗളൂരുവില്‍ സംഘര്‍ഷമുണ്ടായ ഡിസംബര്‍ 19 ന് ആ മേഖലയില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചാണ് കര്‍ണാടക പോലീസിന്റെ ഓപ്പറേഷന്. മൊബൈല്‍ നമ്പറില്‍ നിന്ന് ഉടമസ്ഥരെ കണ്ടെത്തി ഇവരില്‍ നിന്ന് മലയാളികളെയും അതില്‍ തന്നെ പ്രത്യേക ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരെയും വേര്‍തിരിച്ചെടുത്ത് ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്കു മാത്രമാണ് നോട്ടീസ് അയച്ചത്.
മംഗളൂരുവില്‍ സംഘര്‍ഷമുണ്ടായ വേളയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിനു പിന്നില്‍ മലയാളികളാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആ സമയത്ത് മംഗളൂരുവിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥികളുമടക്കമുള്ള മലയാളികളെ കസ്റ്റഡിയിലെടുത്ത് സംസ്ഥാന അതിര്‍ത്തി കടത്തിവിട്ട സംഭവവും ഉണ്ടായിരുന്നു.
കര്‍ണാടകയില്‍ നിന്നുള്ള മറ്റു ബിജെപി നേതാക്കളും മന്ത്രിയുടെ പ്രസ്താവന ഏറ്റുപിടിച്ചിരുന്നു. ഇതിനെ ന്യായീകരിക്കുന്നതിനുള്ള തെളിവുകള്‍ സൃഷ്ടിച്ചെടുക്കാനാണ് പോലീസ് മലയാളികളെ തെരഞ്ഞുപിടിച്ച് നോട്ടീസ് അയച്ചതെന്നാണ് സൂചന.
വര്‍ഷങ്ങളായി മംഗളൂരുവില്‍ നിന്ന് മത്സ്യം വാങ്ങി കാസര്‍ഗോഡ് മേഖലയില്‍ വില്പന നടത്തി ഉപജീവനം കഴിക്കുന്നവരാണ് നോട്ടീസ് ലഭിച്ച മത്സ്യത്തൊഴിലാളികളിലേറെയും. ഇതില്‍ മിക്കവരും പതിവായി രാവിലെ തന്നെ മംഗളൂരുവിലെത്തി മടങ്ങുന്നവരാണ്. സംഭവദിവസവും അങ്ങനെതന്നെയായിരുന്നു. കാസര്‍ഗോഡെത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് മംഗളൂരുവില്‍ സംഘര്‍ഷമുണ്ടായ വാര്‍ത്ത ഇവര്‍ അറിയുന്നതുതന്നെ.
സംഭവദിവസം ആശുപത്രി ആവശ്യങ്ങള്‍ക്കായി മംഗളൂരുവിലെത്തിയവരും കച്ചവടക്കാരും വിദ്യാര്‍ഥികളുമാണ് നോട്ടീസ് ലഭിച്ച മറ്റുള്ളവരില്‍ ഏറെയും. ഇവരില്‍ സ്ത്രീകളും വിദ്യാര്‍ഥിനികളും ഉള്‍പ്പെടുന്നു. സ്ത്രീകളുടെ പേരില്‍ എടുത്ത സിം കാര്ഡുകളായതുകൊണ്ട് പെട്ടുപോയവരും ഇതിലുണ്ട്.
വിഷയത്തില്‍ മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പി.എസ്. ഹര്‍ഷയുമായി ബന്ധപ്പെട്ടതായും അന്വേഷണ നടപടികളുടെ ഭാഗമായി സംശയിക്കപ്പെടുന്ന എല്ലാവര്ക്കും നോട്ടീസ് തപാലില്‍ അയച്ചതാണെന്നും വിശദീകരണം തപാലില്‍ തന്നെ അയച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞതായും എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു. വിശദീകരണം വിശ്വസനീയമല്ലെങ്കില്‍ മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.