കോഴിക്കോട് : ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് വലയിലാക്കി . പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ( 26) ആണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഇന്‍സ്പക്ടര്‍ മൂസവള്ളിക്കാടനും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.
ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്ന ആഷിഖ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.45 ഓടെ മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ പ്രലോഭിപ്പിച്ചു വീട്ടിലാക്കിത്തരാന്നെ് പറഞ്ഞു സ്കൂട്ടറില്‍ കയറ്റി തൊണ്ടയാട്, മലാപറമ്പ് , ചേവായൂര്‍ ഭാഗങ്ങളില്‍ കറങ്ങുകയും പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ ബില്‍ഡിംഗിന് താഴെ കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി റോഡരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനങ്ങള്‍ പോലീസിനെ വിവരമറിയിക്കുകയും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.
സമീപത്തെ ബാങ്കിന്റെ സിസിടിവി ഉള്‍പ്പെടെ ഇവര്‍ സഞ്ചരിച്ച വഴിയിലുള്ള 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. വിവിധ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായി ആശയവിനിമയം നടത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. അതേസമയം സിറ്റിയിലെ വിവിധഭാഗങ്ങളില്‍ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ ഫോട്ടോ കാണിച്ചു കൊടുത്തെങ്കിലും വിശദവിവരങ്ങള്‍ ലഭിക്കാത്തതും പെണ്‍കുട്ടിയില്‍ നിന്നും പ്രതിയെ കുറിച്ച് യാതൊരു വിധസൂചന ലഭിക്കാത്തതും പോലീസിനെ കുഴക്കി.
എന്നാല്‍ ഇത്തരത്തില്‍ മുന്‍ കേസുകളില്‍ പ്രതികളായ വരെ കുറിച്ചും പോലീസ് അന്വേഷിച്ചു. അതില്‍നിന്ന് പ്രതി മുന്‍പ് വടകര സ്റ്റേഷനില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങിയ ആളാണെന്നും മനസ്സിലാക്കുകയും എല്ലാ രീതിയിലുമുള്ള അന്വേഷണങ്ങള്‍ കോര്‍ത്തിണക്കി കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ സ്പെഷ്ല്‍ സ്ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ് , എം. ഷാലു , ഹാദില്‍ കുന്നുമ്മല്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ പ്രശോഭ് ,രാജേന്ദ്രന്, മനോജ് പി. വിനോദ്. , കെ.പി. സുബിന എന്നിവരും ഉണ്ടായിരുന്നു.