കൊച്ചി: വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനം കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി പോലീസ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ അഞ്ചുപേരാണ് കേസിൽ പ്രതികളെന്നും ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും സൗത്ത് പോലീസ് വ്യക്തമാക്കി.
വിലവിൽ പ്രതികളെല്ലാവരും മുങ്ങിയതായാണു പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ ഫോണുകൾ ഓഫാണെന്നും അധികൃതർ പറയുന്നു. കണ്ണൂർ, തൊടുപുഴ സ്വദേശികൾ ഉൾപ്പെടെയുള്ളവരാണ് കേസിൽ പ്രതികൾ. ഇവരെ ഉടൻ പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്തുന്നില്ലെന്നും പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും പണം നഷ്ടപ്പെട്ടവർ ഇന്നലെ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
ഒരു കോടി രൂപയോളം പ്രതികൾ തട്ടിയെടുത്തെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചേക്കും. എന്നാൽ, ആറു കോടിയോളം രൂപ പ്രതികൾ പലരിൽനിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നാണു പരാതിക്കാർ ആരോപിക്കുന്നത്. ജോലിയും ജോലിക്കായി സ്ഥാപനത്തിൽ നൽകിയ പണവും ലഭിക്കാതായതോടെ 102 പേർ ഇന്നലെ എറണാകുളത്തെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
ഒരു ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽനിന്ന് സ്ഥാപനം കൈവശപ്പെടുത്തിയതത്രേ. ജോലി ലഭിക്കാതെവന്നപ്പോൾ പണം തിരികെ ആവശ്യപ്പെട്ട കുറച്ചുപേർക്ക് സ്ഥാപനത്തിൽനിന്നു ചെക്ക് നൽകിയിരുന്നു. എന്നാൽ അക്കൗണ്ടിൽ പണം ഇല്ലാത്തതിനാൽ ചെക്ക് മടങ്ങി. കുവൈറ്റ്, ഷാർജ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥാപനം ജോലി വാദ്ഗാനം ചെയ്തിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ജോലി ചെയ്തിരുന്ന പലരും ജോലി നഷ്ടപ്പെടുത്തിയും പണം പലിശയ്ക്കെടുത്തുമാണ് സ്ഥാപനം ആവശ്യപ്പെട്ട തുക നൽകിയത്.
ഒറിജിനൽ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും മറ്റും സ്ഥാപന ഉടമകൾ കൈവശപ്പെടുത്തിയിരിക്കുകയാണത്രേ. ഇത് തിരികെ ലഭിക്കുന്നതിനും നഷ്ടപ്പെട്ട പണം ആവശ്യപ്പെടുന്നതിനും സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ അനുകൂല നിലപാടുണ്ടായില്ല. ഇതോടെയാണ് 2019 ഡിസംബർ 27ന് തട്ടിപ്പിനിരയായ ആളുകൾ ചേർന്ന് സൗത്ത് പോലീസിൽ പരാതി നൽകിയത്. സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും കൈവശമില്ലാത്തതിനാൽ മറ്റ് ജോലിക്ക് അപേക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
കേസ് പിൻവലിച്ചാലേ സർട്ടിഫിക്കറ്റ് തരൂ എന്നാണ് സ്ഥാപനത്തിൽനിന്ന് അറിയിച്ചിരിക്കുന്നതെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു. മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി, കളക്ടർ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. 2017 മുതൽ പണം നൽകിയവരുണ്ട്. പണം ബാങ്ക് വഴി വാങ്ങുന്നതിന് പകരം കൈവശം വാങ്ങുകയായിരുന്നു. ഇതിന് മതിയായ രേഖകളും നൽകിയിരുന്നില്ല.
ജനറൽ നഴ്സിംഗ് കഴിഞ്ഞവരോട് ബംഗളൂരുവിൽ എത്തി പരീക്ഷ എഴുതിയാൽ ബിഎസ്സി നഴ്സിംഗ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും ഇവർ പറഞ്ഞിരുന്നതായി പരാതിക്കാർ പറഞ്ഞു. എസ്. സുമിത, വൃന്ദ ബാബു, നീമ ജോണി, വി.എസ്. ശശിലത, എൽസേബ ജേക്കബ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.