സ്വന്തം ലേഖകൻ
തൃശൂർ: നോ പാർക്കിംഗ് കേട്ടു മടുത്തതും പാർക്കു ചെയ്യാൻ ഇടം കിട്ടാതെ റൗണ്ടിലും പരിസരത്തും വണ്ടിയിൽ വട്ടംകറങ്ങിയതെല്ലാം ഇനി കുറച്ചു കാലം കൂടി മാത്രം. തൃശൂരിൽ ഇനി നോ പാർക്കിംഗ് എന്നതിന് പകരം നോ പാർക്കിംഗ് പ്രശ്നം എന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
കോർപ്പറേഷനും നഗര,ഗ്രാമാസൂത്രണ വകുപ്പും ചേർന്ന് നഗരത്തിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കാനായി തയ്യാറാക്കിയിരിക്കുന്ന മാസ്റ്റർ പ്ലാൻ തൃശൂരിന്റെ മുഖച്ഛായ അടിമുടി മാറ്റുന്നതാണ്.
പുതിയ പാർക്കിംഗ് സൗകര്യങ്ങൾ
മാസ്റ്റർ പ്ലാൻ പ്രകാരം ശക്തൻ ബസ് സ്റ്റാന്റ്, അശ്വിനി ഹോസ്പിറ്റൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് മേഖലയിൽ വാണിജ്യപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പ്ലാൻ. മൾട്ടിലെവൽ കാർ പാർക്കിംഗ് പ്രൊജക്ടുകളുടെ വികസനമാണ് ഇതോടെ സാധ്യമാകുക.
സിറ്റി ബസ് സർവീസ് സാധ്യമാക്കും
പുഴയ്ക്കൽ,മണ്ണുത്തി, ഒല്ലൂർ എന്നിവിടങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ള ടെർമിനലുകളോട് ചേർന്ന് പാർക്കിംഗ് ഒരുക്കി നഗരകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സിറ്റി ബസ് സർവീസ് സാധ്യമാക്കും.
ഷെയേർഡ് പാർക്കിംഗും സബ്സിഡി പാസുകളും
ശക്തൻ സ്റ്റാന്റിനോട് ചേർന്ന് പാർക്കിംഗ് പ്ലാസ, ഷോപ്പിംഗ് മാൾ, കണ്വൻഷൻ സെന്റർ, മുനിസിപ്പൽ ഓഫീസ് കോംപ്ലക്സ് എന്നിവ നിർമിക്കും. ഷെയേർഡ് പാർക്കിംഗിങ്ങിലൂടെ പാർക്കിംഗ് സ്പേസുകളുടെ ഉപയോഗം വർധിപ്പിക്കാൻ സാധിക്കും. ജോലി സ്ഥലങ്ങൾക്കടുത്ത് പാർക്ക് ചെയ്യുന്നതിന് നികുതി ഏർപ്പെടുത്തുന്നതോടെ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ. പൊതുഗതാഗതം ഉപയോഗിക്കുന്നതിന് സബ്സിഡിയുള്ള പാസുകൾ ഏർപ്പെടുത്തും. വാണിജ്യമേഖല കുറഞ്ഞ ഇടങ്ങളിൽ വാലറ്റ് പാർക്കിംഗും നടപ്പാക്കും.
പാർക്കിംഗ് ഓണ്ലൈൻ വഴി
സോഷ്യൽ മീഡിയ, ഏജൻസികൾ എന്നിവ വഴി വാഹനങ്ങൾ ഷെയർ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ കാർ പൂളിങ് വഴി നടപ്പാക്കും. ഓണ്ലൈൻ, ഹോം ഡെലിവറി ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതു വഴി സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സാധിക്കും. പാർക്കിംഗ് മീറ്റർ, സെൻസർ, ഈസി പേയ്മെന്റ് മോഡ് എന്നിവ സ്ഥാപിക്കുന്നതോടെ പാർക്കിംഗ് ഫീ അനായാസമാക്കും. നൂതന ടെക്നോളജികൾ പാർക്കിംഗ് സ്ഥലങ്ങളുടെ സജ്ജീകരണത്തിൽ ഉൾപ്പെടുത്തുന്നതിന് പാർക്കിംഗ് കോണ്ട്രാക്റ്റുകളില നിബന്ധനകൾ ഏർപ്പാടാക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിംഗ് സൗകര്യങ്ങളും ഒരുക്കും.
പ്രൗഡി തിരിച്ചുപിടിക്കാനൊരുങ്ങി..
നഗരത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന എം.ഒ റോഡ്, പി.ഒ റോഡ്, ഹൈറോഡ്, അരിയങ്ങാടി എന്നിവയോട് ചേർന്ന് കിടക്കുന്ന പഴയ പ്രദേശത്തെ പഴയകാല പ്രൗഡിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ രൂപീകരിക്കും. ഇവിടേക്കുള്ള ചരക്ക്നീക്കത്തിന് ചെറുവാഹനങ്ങൾ നിശ്ചിത സമയങ്ങളിൽ മാത്രം അനുവദിക്കുന്നതോടെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കും.
വരും ട്രക്ക് ടെർമിനലുകൾ
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൈതൃകകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് അനുയോജ്യമായ രീതിയിൽ പാർക്കിംഗ് സംവിധാനം ഉറപ്പു വരുത്തും. കൃത്യമായ രീതിയിൽ റോഡരികിൽ പാർക്കിംഗ് മാനേജ്മെന്റ് ഏർപ്പെടുത്തുന്നതോടെ ജംഗ്ഷൻ, സീബ്രാ ലൈൻ, ബസ് സ്റ്റോപ്പ്, ഫയർ സ്റ്റേഷൻ, ആശുപത്രി, ഭിന്നശേഷിക്കാർക്കായി ലഭ്യമാക്കിയ പാർക്കിംഗ് ഇടങ്ങൾ എന്നിവടങ്ങളിൽ നിശ്ചിത ദൂരം അകലമിട്ട് പാർക്കിംഗ് അനുവദിക്കും. സമയക്രമീകരണത്തിലൂടെ ചരക്ക് വാഹനങ്ങളുടെ പാർക്കിംഗ് മൂലമുള്ള തിരക്ക് എം.ഒ റോഡ്, ഹൈറോഡ് എന്നിവിടങ്ങളിൽ നിയന്ത്രിതമാകും. ഒല്ലൂക്കര, പുഴയ്ക്കൽ, ഒല്ലൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ട്രക്ക് ടെർമിനലുകൾ നിർദ്ദേശിച്ചിരിക്കുന്നു.
ഇനിയുമുണ്ട്…..
മാസ്റ്റർ പ്ലാനിൽ നിർദ്ദേശിച്ചിട്ടുള്ള ഒൗട്ടർ റിംഗ് റോഡ്, പുഴയ്ക്കൽ, മണ്ണുത്തി, ഒല്ലൂർ, കൂർക്കഞ്ചേരി എന്നിവയെ ബന്ധിപ്പിച്ചുള്ള റേഡിയൽ റോഡ് എന്നിവ ഉപയോഗിച്ചു കൊണ്ട് ഈ കേന്ദ്രങ്ങളെയും നഗരകേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം വികസിപ്പിക്കാം.
നഗരപ്രാന്ത സ്ഥലങ്ങളെ കൂട്ടിയിണക്കിയുള്ള ലാന്റ് പൂളിംഗ് പ്രോജക്ട് വിഭാവനം ചെയ്യും. കൂടാതെ പ്രാന്തപ്രദേശങ്ങളിലേക്ക് ഷട്ടിൽ സർവീസുകൾ, പാർക്കിംഗ് നയം, പൊതുഗതാഗത സംവിധാനം, കാർ ഫ്രീ ഡെ, വെഹിക്കിൾ ഫ്രീ സോണ് എന്നിവയെ കുറിച്ച് ബോധവത്കരണ പരിപാടികൾ, പൊതുഅഭിപ്രായജനസർവേ എന്നിവ നടത്തും.
പാർക്കിംഗ് മാനേജ്മെന്റ് കമ്മറ്റി രൂപീകരിച്ച് പാർക്കിംഗ് നയത്തിന്റെ നടത്തിപ്പിന്റെ ചുമതലയേൽപ്പിക്കുക, പൊതുപരിപാടികൾക്കാവശ്യമായ അഡീഷണൽ പാർക്കിംഗിനായി ലഭ്യമായ സ്ഥലങ്ങളെ ഉപയോഗിച്ചുള്ള ഓവർ ഫ്ളോ പാർക്കിംഗ് പ്ലാൻ വികസിപ്പിക്കുക എന്നിവയും മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്.