കല്ലടിക്കോട്: പാലക്കാട്-മണ്ണാർക്കാട് ദേശീയപാതയിൽ ഇടക്കുറുശിമുതൽ ഒലവക്കോട് വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അപകടഭീഷണിയാകുന്നതായി പരാതി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതുക്കിപ്പണിത കലുങ്കുകളുടെ ഭാഗത്തും ഇതോടൊപ്പംതന്നെ കഴിഞ്ഞ മഴക്കാലത്ത് രൂപപ്പെട്ട റോഡിലെ കുഴികളും നികത്താത്തതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മറിയുന്നത് നിത്യസംഭവമാണ്.
തിങ്കളാഴ്ച പുലർച്ചെ നിറയെ യാത്രക്കാരുമായി മണ്ണാർക്കാട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ് മുണ്ടൂർ പെട്രോൾപന്പിന് സമീപം പുതുക്കിപ്പണിത കലുങ്കിന് തൊട്ട കുഴിയിൽ ചാടി നിയന്ത്രണംവിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡരികിലെ ചാലിൽപ്പെട്ടുനിന്നു. ഭാഗ്യത്തിനാണ് ബസ് മറിയാതിരുന്നത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. ഇടക്കുറുശി ബഥനി സ്കൂൾമുതൽ വൻകുഴികളാണ് റോഡിലുള്ളത്. വേലിക്കാട് പാലത്തിന് സമീപത്തെ കുഴിയിൽപ്പെട്ടു അപകടം ഉണ്ടാകുന്നതും പതിവാണ്. ദൂരെനിന്നും വരുന്ന വാഹനങ്ങൾക്ക് ഈ കുഴി കാണാനാകില്ല.
ദേശീയപാത നവീകരണം പൂർത്തിയാകുന്നതുവരെ റോഡിലെ കുഴികൾ നികത്താതിരുന്നാൽ ദിവസവും അപകടങ്ങൾ ഉണ്ടാകും. കലുങ്കുനിർമാണം പൂർത്തിയായ ഭാഗങ്ങളിൽ പൊടിപടലങ്ങൾ പറന്നതും യാത്രക്കാർക്കും സമീപവാസികൾക്കും ശല്യമാകുകയാണ്. റോഡിലെ കുഴികൾ നികത്തുകയും കലുങ്ക് നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ താത്കാലികമായി ടാറിംഗ് നടത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.