നെന്മാറ: വിണ്ടുകീറിയ ചുവരുകളും ഇടിഞ്ഞു പൊളിഞ്ഞ മേൽക്കൂരയുമായി ജീവിതം തള്ളിനീക്കിയ പല്ലശന പാറക്കളം മെഹ്റാജിന് ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെയും നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെയും കരുതലിൽ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനിലൂടെ ലഭിച്ചത് മറ്റൊരു ജീവിതം തന്നെയാണ്.മെഹ്റാജിനും ഭർത്താവ് ലോറി ഡ്രൈവറായ കമറുദ്ദീനും നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നല്കിയതിനെത്തുടർന്ന് 2010-11 സാന്പത്തികവർഷത്തിലെ ഇന്ദിരാഗാന്ധി ആവാസ് യോജനപദ്ധതിയിലുൾപ്പെടുത്തി ആകെ തുകയുടെ പകുതിയോളം രൂപ ആദ്യ ഗഡുവായി അനുവദിച്ചു.
തറപണി കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് പറക്കമുറ്റാത്ത രണ്ടു പെണ്കുഞ്ഞുങ്ങളെയും മെഹ്റാജിനെയും തനിച്ചാക്കി കമറുദ്ദീൻ ആത്മഹത്യ ചെയ്തത്.തുടർന്ന് വിവാഹത്തിനുമുന്പ് വീട്ടുപണി ചെയ്തിരുന്ന തൃശൂർ വാടാനപ്പള്ളിയിൽ വീണ്ടും ജോലിതേടി മെഹ്റാജിൻ എത്തി. അഞ്ചുവയസുള്ള മൂത്തമകൾ മർജാനയെ വാടാനപ്പിള്ളിയിലുള്ള യത്തീംഖാനയിലാക്കി.ഇതിനിടെ ഐഎവൈ പദ്ധതി പ്രകാരം തുക നല്കി വർഷങ്ങൾ കഴിഞ്ഞിട്ടും ചുമരുപണിപോലും പൂർത്തിയാക്കാൻ സാധിക്കാത്ത മെഹ്റാജിന്റെ സ്ഥിതി മനസിലാക്കിയ ബ്ലോക്ക് അധികൃതർ ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഈ കുടുംബത്തെയും ഉൾപ്പെടുത്താൻ ശ്രമം നടത്തി.
എന്നാൽ ജീവിതം തേടി തൃശൂരിലെത്തിയ മെഹ്റാജിനെ കണ്ടെത്താൻ അധികൃതർക്കായില്ല. 2017-18 ൽ ആരംഭിച്ച ലൈഫ് മിഷന്റെ ഒന്നാംഘട്ടം 2018 ന്റെ അവസാനപാദത്തോടെ അർഹരായവരെ മുഴുവൻ ഉൾപ്പെടുത്തി പൂർത്തീകരിച്ചു.
തുടർന്ന് രണ്ടാംഘട്ടത്തിന് തുടക്കമായി. വിവിധ കാരണങ്ങളാൽ വീടുനിർമാണം നിലച്ചവർക്ക് പല ഗഡുക്കളായി നാലുലക്ഷം രൂപ അനുവദിച്ച് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ആദ്യഘട്ടത്തിലൂടെ സർക്കാർ ചെയ്തത്.
പിന്നീട് നാട്ടിൽ തിരിച്ചെത്തിയ മെഹ്റാജിന്റെ വീടുനിർമാണം പൂർത്തിയാക്കാൻ സഹായംതേടി വീണ്ടും നെന്മാറ ബ്ലോക്കിലെത്തി. ഇതിനിടെ ഇളയമകളെയും മെഹ്റാജിൻ യത്തീംഖാനയിൽ ആക്കിയിരുന്നു. ഏഴാം വാർഡ് മെംബറുടെയും പല്ലശന വിഇഒയുടെയും നിർദേശപ്രകാരം ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മെഹ്റാജിൻ ജില്ലാ കളക്ടർ ഡി.ബാലമുരളിക്ക് അപേക്ഷ സമർപ്പിച്ചു.
മെഹ്റാജിന്റെ സ്ഥിതി മനസിലാക്കിയ കളക്ടർ ഇവരെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്താൻ പ്രത്യേക ഉത്തരവിറക്കി. 2019 ജൂലൈ 25ന് പദ്ധതിപ്രകാരം ആദ്യഗഡു മെഹ്റാജിൻ കൈപ്പറ്റി.മൂന്നുമാസത്തിൽ മുഴുവൻ ഗഡുക്കളും കൈപറ്റി വീടുനിർമാണം പൂർത്തിയാക്കുകയും ചെയ്തു. ഇരുചുമലിലും നിറഞ്ഞ ജീവിതഭാരമുണ്ടെങ്കിലും ഇന്ന് മെഹ്റാജിന്റെ നിറകണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കമാണുള്ളത്.