പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് വിഭാഗത്തിന് മുന്നില്‍ അനുമതിയില്ലാതെ സ്ഥാപിച്ച സ്വകാര്യ ലാബിന്റെ അറിയിപ്പ് നീക്കംചെയ്തതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
എല്ലാ ഡയാലിസിസ് രോഗികളും കണ്ണൂരിലെ സ്വകാര്യ ലാബില്‍ പോയി എച്ച് ഐ വി, എച്ച്ബിഎസ്എജി, എച്ച്സിവി എന്നീ രക്തപരിശോധനകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചത്. കണ്ണൂരിലെ മെട്രോപൊളിറ്റ് ലാബില്‍ ചെന്ന് ജനുവരി 31 ന് മുമ്പായി ഈ ടെസ്റ്റ് നടത്തണമെന്നാണ് ബോര്‍ഡില്‍ നിര്‍ദ്ദേശിച്ചത്.
ലാബില്‍ നിന്ന് കമ്മീഷന് പറ്റാനുള്ള ആരുടെയെങ്കിലും ശ്രമമാണിതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നൂറുകണക്കിന് രോഗികളാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ എത്തിച്ചേരുന്നത്.
അവരെല്ലാം കണ്ണൂരിലെ സ്വകാര്യലാബില്‍ പോയി ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം ദുരൂഹമാണെന്ന് ജനകീയാരോഗ്യസമിതി ചെയര്മാന് എസ്.ശിവസുബ്രഹ്മണ്യന് ആരോഗ്യമന്ത്രിക്ക് അയച്ച അടിയന്തിര സന്ദേശത്തില്‍ പറയുന്നു. ബോര്‍ഡ് രാത്രിയില്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ആരാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നതിനെക്കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.