വാഹനങ്ങളുടെ മിനിയേച്ചർ മാതൃകകൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് കണ്ണൂർ ചെറുതാഴം സ്വദേശി വിനിൽ വിറ്റസ്. ഒറ്റനോട്ടത്തിൽ ഏതോ വലിയ വാഹനത്തെ ചെറുതാക്കിയെടുത്തതാണെന്ന് തോന്നിപ്പോകും വിനിൽ നിർമിച്ച വാഹനങ്ങൾ കണ്ടാൽ. രണ്ടുമാസം മുന്പ് ഒരു യൂട്യൂബ് ചാനലിൽ വന്ന വീഡിയോ കണ്ടാണ് വിനിൽ ഇതിലേക്ക് തിരിഞ്ഞത്.
തനിക്കുണ്ടായിരുന്ന ചിത്രം വരയ്ക്കാനുള്ള കഴിവും ജൻമനാ ഉള്ളിലുണ്ടായിരുന്ന നിർമാണ ചാരുതയും കൂടികലർന്നതോടെ വാഹനങ്ങളുടെ മിനിയേച്ചർ നിർമിതിക്ക് വേഗം കൈവന്നു. ജ്യേഷ്ഠന്റെ ഓട്ടോറിക്ഷയുടെ മാതൃകയാണ് ആദ്യം നിർമിച്ചത്. അത് ജ്യേഷ്ഠന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ തന്നെ ഫിറ്റ് ചെയ്തു. പിന്നീടാണ് ജീപ്പും ബസും അടക്കമുള്ളവ നിർമിച്ചത്.
പയ്യന്നൂരിൽ യൂണിവേഴ്സൽ കോളജിൽ ഓട്ടോമൊബൈൽ പഠിക്കുന്ന വിനിൽ ക്ളാസ് കഴിഞ്ഞ് വൈകുന്നേരങ്ങളിലും മറ്റ് ഒഴിവുസമയങ്ങളിലുമാണ് മിനിയേച്ചർ രൂപ നിർമാണത്തിൽ മുഴുകുന്നത്. ഫോറെക്സ് ബോർഡ് ഉപയോഗിച്ചാണ് നിർമാണം. വാഹനങ്ങളുടെ ടയർ അടക്കം ഈ ബോർഡ് കൊണ്ടു തന്നെ ഉണ്ടാക്കും. മിനിയേച്ചർ രൂപങ്ങൾ നിർമിക്കുന്പോൾ ചില ഒരുക്കളൊക്കെ വിനിൽ നടത്താറുണ്ട്. ആദ്യം താൻ നിർമിക്കുന്ന വാഹനത്തെ കുറിച്ച് കൃത്യമായി മനസിലാക്കും എന്നത് തന്നെയാണ്.
നിറം, ഫിറ്റിംഗ്സുകൾ അങ്ങനെ പലതും. അവ അതേപടി പകർത്തുകയാണ് പിന്നീട് തന്റെ മിനിയേച്ചർ മാതൃകകളിൽ വിനിൽ ചെയ്യുന്നത്. ക്ളാസിലൊക്കെ പോകുന്നതിനാൽ ഇപ്പോൾ ഒരു രൂപം നിർമിക്കാൻ ഏകദേശം ഒരു മാസത്തിലധികം ഏടുക്കുമെന്ന് വിനിൽ പറയുന്നു. മത്സ്യത്തൊഴിലാളിയായ വിറ്റസിന്റെയും വീട്ടമ്മയായ വത്സലയുടേയും മകനാണ് വിനിൽ.
വൈദ്യുതി ലഭിക്കാത്ത വീട്ടിൽ അന്നത്തെ ആഹാരത്തിലുള്ള വക കണ്ടെത്തുന്ന രക്ഷിതാക്കൾ മകന്റെ കഴിവിനുനേരെ കണ്ണടച്ചില്ല. അവന് വേണ്ടതെല്ലാം അവർ വാങ്ങിച്ചുകൊടുക്കും. അവന്റെ കഴിവ് ഒരുനാൾ ലോകം അംഗീകരിക്കും എന്ന് അവർക്ക് ഉറപ്പുണ്ട്. കുറച്ചുദിവസങ്ങൾക്ക് മുന്പ് simply savari എന്ന യൂട്യൂബ് ചാനലിൽ വിനിലിനെ കുറിച്ച് വന്ന വീഡിയോ ഇതിനകം ഒന്നരലക്ഷത്തിലധികം ആൾക്കാരാണ് കണ്ടത്.
പലരും വിനിലിനെ വിളിച്ച് തങ്ങൾക്കും അതുപോലെ വാഹനങ്ങളുടെ മിനിയേച്ചർ രൂപങ്ങൾ വേണമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അങ്ങനെ നിർമിച്ച ഒരു ബസിന്റെ മാതൃക വിനിൽ ബസിന്റെ ഉടമയ്ക്ക് കൈമാറുകയുണ്ടായി. ഇപ്പോഴും പലരും വിനിലിനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.