കോട്ട: രാജസ്ഥാനിൽ പതിനേഴു വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള സ്വന്തം മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിൽ 45 വയസുള്ള പിതാവിനു പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. പോക്സോ കോടതിയാണു പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2015 മേയ് 13ന് നയാപുരയിലെ വസതിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നീചമായ ഈ സംഭവം മനുഷ്യസമൂഹത്തിനാകെ അപമാനമാണെന്നു കോടതി നിരീക്ഷിച്ചു. വെയർഹൗസ് ഗാർഡായാണ് ഇയാൾ ജോലി ചെയ്തുവന്നിരുന്നത്. കൊല്ലപ്പെടുന്പോൾ പെൺകുട്ടി നാലു മാസം ഗർഭിണിയായിരുന്നു. ഇതാണ് കേസിനു വഴിത്തിരിവായത്.
ഡിഎൻഎ പരിശോധനയിൽ പിതാവ് കുറ്റക്കാരനാണെന്നു തെളിയുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ഇളയ മകനൊപ്പം വെയർഹൗസിനു സമീപം ചായക്കട നടത്തിവരികയാണ്. പിതാവ് കുട്ടിയെ പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.