കോട്ടയം: പൊള്ളുന്ന വിലക്കയറ്റത്തിൽ ജനങ്ങൾ നട്ടം തിരിയുന്നു. പച്ചക്കറിക്കു പുറമേ മത്സ്യം, മാംസം എന്നിവയ്ക്കും ദിനംപ്രതി വില വർധിക്കുകയാണ്. പച്ചക്കറികളിൽ സവാള, ഉള്ളി എന്നിവയ്ക്കു വില കുറഞ്ഞുവെങ്കിലും മറ്റിനങ്ങൾക്കു വില വർധനവാണുള്ളത്.
സവാളയുടെ വില 60ലേക്കു താഴ്ന്നതാണ് അല്പം ആശ്വാസമായിട്ടുള്ളത്. വരും ദിവസങ്ങളിൽ സവാള വില വീണ്ടും താഴുമെന്ന് വ്യാപാരികൾ പറയുന്നു. മറ്റു പച്ചക്കറി സാധനങ്ങളുടെ വില 40-ൽ കുറയാതെ നിൽക്കുകയാണ്. കാരറ്റ്- 60, ബീറ്റ്റൂട്ട്- 40 മുതൽ 60 വരെ, നാടൻ പയർ-50, പാവയ്ക്ക- 60, കിഴങ്ങ്-40 എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. സീസണ് കാലം കഴിഞ്ഞെങ്കിലും വിലക്കയറ്റം രൂക്ഷമായി തന്നെ തുടരുകയാണ്.
മത്സ്യം, മാംസം എന്നിവയുടെ വിലയിലും കുതിച്ചു കയറ്റമാണുള്ളത്. മത്സ്യത്തൊഴിലാളികൾ കടലിലേക്കു സജീവമായി പോയിത്തുടങ്ങിയിട്ടില്ലാത്തതാണ് മത്സ്യത്തിനു വിലക്കയറ്റത്തിനു കാരണമായത്. എല്ലാ ഇനം മത്സ്യങ്ങളുടെ യും വില ശരാശരി 200ൽ എത്തി നിൽക്കുന്നു.
കേരള തീരങ്ങളിൽ മീൻ കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മീൻ എത്തുന്നതുമാണ് മറ്റൊരു കാരണമാകുന്നത്. മത്തിയുടെ വില 190 ആകുന്പോൾ അയല-240, കേര, തള- 360, ഒഴുവൽ- 240, വറ്റ- 450 എന്നിങ്ങനെയാണ് വില.
കടൽ മീനിനു പിന്നാലെ കായൽ മീനിനും ഡിമാന്ഡ് വർധിച്ചതോടെ കരിമീനിന്റെ വില 500ൽ എത്തിയിരിക്കുകയാണ്. ഇതിനു പുറമേ ഉണക്കമീനിന്റെ വിലയും വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ സജീവമായി കടലിൽ പോയിത്തുടങ്ങുന്നതോടെ മത്സ്യത്തിനു വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ചൂടുകൂടിയതോടെ തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതും കേരളത്തിലെ ഉൽപാദനം ഫലപ്രാപ്തിയിലെത്താതിരുന്നതുമാണ് ചിക്കനു വിലക്കയറ്റത്തിനു കാരണമായത്. ക്രിസ്മസ് കാലത്തേക്കാൾ 20 രൂപ വർധനവാണ് അടുത്ത ദിവസങ്ങളിൽ ചിക്കനുണ്ടായത്.
കല്യാണ സീസണായതും ചിക്കന്റെ വിലവർധനവിനെ ബാധിച്ചിട്ടുണ്ട്. വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.