മലപ്പുറം: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോടു മോശമായി പെരുമാറി ഓട്ടോ ഡ്രൈവർ. മലപ്പുറത്തു കുടുംബശ്രീ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയയെന്നാണ് ഷാഹിദ കമാലിന്റെ പരാതി.
ചൊവ്വാഴ്ച പുലർച്ചെ ആറരയോടെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോ വിളിച്ചപ്പോഴായിരുന്നു ദുരനുഭവം. രാവിലെയാണു ഷാഹിദ രാജ്യറാണി എക്സ്പ്രസിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയത്. രണ്ടു കിലോമീറ്ററിനപ്പുറമുള്ള റെസ്റ്റ് ഹൗസിലേക്കാണു പോകേണ്ടിയിരുന്നത്.
എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചപ്പോൾ സ്ഥലം പറഞ്ഞു. അവിടത്തെ സ്ഥിരം ഓട്ടോക്കാരനായ ചെറുപ്പക്കാരന് പക്ഷേ തൊട്ടടുത്തുള്ള റെസ്റ്റ് ഹൗസ് എവിടെയാണെന്നറിയില്ല. ഇതേതുടർന്നുണ്ടായ തർക്കത്തിനിടെ ഡ്രൈവർ ഷാഹിദയെ വാഹനത്തിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചു.
“ഇറങ്ങിപ്പോ സ്ത്രീയേ’ എന്ന് ഇയാൾ ഷാഹിദ കമാലിനോട് ആക്രോശിച്ചു. ഇതോടെ ഷാഹിദ കമാൽ പെരിന്തൽമണ്ണ സിഐയെ ഫോണ് ചെയ്ത് വിവരമറിയിച്ചു. ഇതോടെയാണ് ഓട്ടോക്കാരന്റെ ദേഷ്യമടങ്ങിയതെന്ന് ഷാഹിദ പറയുന്നു.
പോലീസിനെ വിളിച്ചതോടെ ഡ്രൈവർ “മാഡം, എവിടെയാണ് എത്തിക്കേണ്ടത്’ എന്നു ചോദിക്കാൻ തുടങ്ങി. റെസ്റ്റ് ഹൗസിലേക്കാണെന്നു വീണ്ടും പറഞ്ഞപ്പോൾ അവിടെയെത്തിച്ചു. പറഞ്ഞതുപോലെ 40 രൂപ നൽകിയെന്നും ഷാഹിദ പറഞ്ഞു.