ബെയ്ജിംഗ്: അജ്ഞാത വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം ഒന്പതായി. കൊറോണ വൈറസ് ബാധ ചൈനയിൽ കൂടുതൽ നഗരങ്ങളിലേക്ക് പടരുകയാണ്. ഒരു ഇന്ത്യക്കാരിയിൽ ഉൾപ്പെടെ 400 പേരിലാണ് രോഗംബാധിച്ചത്.
ഇവരിൽ 12 പേർ അതീവ ഗുരുതര നിലയിലും 51 പേർ ഗുരുതരനിലയിലുമാണ്. വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈനീസ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
വുഹാൻ നഗരത്തിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. ബെയ്ജിംഗ്, ഷാങ്ഹായ്, ഷെൻഷെൻ നഗരങ്ങളിൽ രോഗം പടർന്നു പിടിക്കുകയാണ്. തായ്ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്.
സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന യോഗം വിളിച്ചിട്ടുണ്ട്. കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ജലദോഷം മുതൽ മാരകമായ സാർസ് രോഗംവരെ പരത്തുന്ന മാരകമായ വൈറസുകളുടെ കൂട്ടമാണ് കൊറോണ.
പനിയും ശ്വാസവൈഷമ്യവുമാണു പ്രധാന ലക്ഷണങ്ങൾ. ചൈനയിലെ വുഹാനിയിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ബാധ ഉത്ഭവിച്ചതെന്ന് കണ്ടെത്തി. 2000ൽ റിപ്പോർട്ട് ചെയ്ത സാർസ് വൈറസ് പല രാജ്യങ്ങളിലായി 774 പേരുടെ ജീവനെടുത്തിരുന്നു. അതിനോട് സാമ്യമുള്ള വൈറസാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയിലും സ്ഥിരീകരിച്ചു
ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്ന മുപ്പത് വയസുകാരന് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി.
അജ്ഞാത വൈറസ് (കൊറോണ) ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാൻ നഗരത്തിൽനിന്ന് ജനുവരി 15നാണ് ഇയാൾ അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെ പത്രമാധ്യമങ്ങളിൽ വന്ന വൈറസ് ബാധയുടെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ സ്വമേധയാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുകയായിരുന്നെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കി.
നിലവിൽ അമേരിക്കയിലെ അഞ്ച് വിമാനത്താവളങ്ങളിൽ ചൈനയിൽനിന്നെത്തുന്ന യാത്രക്കാർക്ക് മെഡിക്കൽ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം നൽകുന്നത്.
കൊച്ചിയിലും ജാഗ്രത
ചൈനയിൽനിന്നു വരുന്ന യാത്രക്കാരിൽ കൊറോണ വൈറസ് ഉണ്ടോ എന്നു പരിശോധിക്കുന്നത് കൊച്ചി അടക്കം നാല് വിമാനത്താവളങ്ങളിലേക്കു വ്യാപിപ്പിച്ചു. നേരത്തേ ഡൽഹി, മുംബൈ, കോൽക്കത്ത വിമാനത്താവളങ്ങളിലായിരുന്നു പരിശോധന. ഇനി കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രത്യേക പരിശോധന നടത്തും.