ഷൊർണൂർ: ചെർപ്പുളശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ പൂട്ടിയിട്ട വീടുകളിൽനിന്ന് മോഷണംപോയത് നൂറ്റിമൂന്നു പവൻ സ്വർണാഭരണങ്ങൾ. കഴിഞ്ഞദിവസം ചെർപ്പുളശേരി ആലിയകുളത്ത് വീടിന്റെ വാതിൽതകർത്ത് അന്പതുപവൻ സ്വർണാഭരണങ്ങൾ മോഷണം പോയത് ഉൾപ്പെടെയാണിത്.
പെരിന്തൽമണ്ണ സംസ്ഥാന പാതയോരത്തെ കച്ചേരിക്കുന്ന് ആലിയകുളത്ത് ഗായത്രിയിൽ ചന്ദ്രശേഖരന്റെ വീടിന്റെ വാതിൽ തകർത്താണ് അന്പതുപവൻ മോഷ്ടിക്കപ്പെട്ടത്. 12,000 രൂപയും മോഷണംപോയി. ചന്ദ്രശേഖരനും കുടുംബവും ബാംഗളൂരിലേക്ക് പോയി മടങ്ങി വന്നപ്പോഴാണ് മോഷണവിവരം മനസിലാക്കിയത്.
അലമാരകൾ കുത്തിപൊളിച്ചാണ് മാലകൾ, വളകൾ, കമ്മലുകൾ, മോതിരങ്ങൾ തുടങ്ങിയവയാണ് കവർന്നത്. സാധനസാമഗ്രികൾ വലിച്ചുവാരിയിട്ട നിലയിലുമായിരുന്നു. മോഷ്ടാക്കൾ ഫ്യൂസൂരി വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. അതേസമയം വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ഒരുവർഷത്തിനിടെ ചെർപ്പുളശേരി മേഖലയിൽ പൂട്ടിയിട്ട വീടുകളിൽ മോഷണങ്ങൾ വ്യാപകമാകുകയാണ്. മുണ്ടക്കോട്ടുകുറുശിയിൽ 18 പവൻ സ്വർണാഭരണങ്ങളും വെള്ളിനേഴിയിൽ 19 പവൻ ആഭരണങ്ങളുമാണ് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് കവർച്ച ചെയ്യപ്പെട്ടത്.
എന്നാൽ ഈ കേസുകളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞുവെന്നുള്ളത് മാത്രമാണ് ഏക ആശ്വാസം. ഇത്തരത്തിൽ വേറെയും രണ്ടുവീടുകളിൽ ആറുപവനും അഞ്ചുപവൻ വീതവും പ്രദേശത്ത് മോഷണംപോയിരുന്നു. അടയ്ക്കാപുത്തൂരിൽ വീടുപൊളിച്ച് അകത്തുകയറി ആറുപവൻ സ്വർണാഭരണം കവർന്ന കേസ് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണമാണ് വർധിച്ചുവരുന്നതെന്ന് പോലീസ് പറഞ്ഞു. വീടുപൂട്ടി പോകുന്നവർ ശ്രദ്ധിക്കണമെന്നും പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നുമാണ് നല്കിയിട്ടുള്ള മുന്നറിയിപ്പ്.