മുക്കം: കരാട്ടെ പരിശീലകരുടെ സംഘടനയായ ഐ.ജി.എഫ്.കെയുടെ 38 ആം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടനയുടെ കീഴിൽ പരിശീലനം നേടിയ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ കലാ, കായിക പ്രകടനങ്ങൾ സംഘടിപ്പിച്ചു.
മാമ്പറ്റ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാർഡിയോളജി വിദഗ്ധനും മാർഷ്യൽ ആർട്സ് ഗവേഷകനുമായ ഡോ. അവിനാഷ് ഡാൽ ഉദ്ഘാടനം ചെയ്തു. സെൻസായി കെ.ടി ഹഖീം അധ്യക്ഷനായി.
പരിപാടിയിൽ ആറ് ഇഞ്ച് നീളമുള്ള ആണികൾ തറച്ച കിടക്കയിൽ കിടന്ന് 800.30 കിലോ ഭാരമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ തകർത്തുകൊണ്ട് ഐ.ജി.എഫ്.കെ പരിശീലകനായ ആനക്കര സെയ്തലവി പുതിയ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു.
നിലവിലെ ജേതാവായ ഓസ്ട്രേലിയക്കാരൻ നീൽ ഹാർഡ്ലിയെ മറികടന്നാണ് നേട്ടം കൈവരിച്ചത്. മറ്റൊരു പ്രകടനത്തിൽ ശിരസിൽവച്ച 22 പൈനാപ്പിൾ 30 സെക്കൻഡ് കൊണ്ട് വെട്ടിമുറിച്ച ഇന്തോനേഷ്യക്കാരന്റെ റെക്കോർഡ് 30 സെക്കൻഡിൽ 61 പൈനാപ്പിൾ വെട്ടിമുറിച്ചു കൊണ്ട് ആനക്കര സെയ്തലവി തിരുത്തി. കെ.ടി ഹഖീം സാഹസിക പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.
സമാപന ചടങ്ങ് ദളിത് ആക്ടിവിസ്റ്റ് കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ കാസിം, പൊലിസ് സൂപ്രണ്ട് മനോജ് കുമാർ, റിട്ട. ക്രൈംബ്രാഞ്ച് എസ്.പി സതീഷ് ചന്ദ്ര, എൻ.കെ അബ്ദുറഹ്മാൻ, സുന്ദരൻ, ഡോ. നാണു നെല്ലിയോറ, ഡോ. സുരേഷ്, രമേശ് തരിപ്പയിൽ പ്രസംഗിച്ചു.