മഞ്ചേരി : തിരക്കേറിയ റോഡിൽ ജഡ്ജിയുടെ വാഹനത്തിനു പിറകിൽ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ നടപടി. മഞ്ചേരി-വഴിക്കടവ്-മരുതക്കടവ് റുട്ടിലോടുന്ന കെഎൽ 10 എ ഇ 8637 എവണ്‍ ബസ് ഡ്രൈവർ മരുത തെച്ചിയോടൻ അബ്ദുൾ റാഷിക്കി (28) നെതിരെയാണ് നടപടി.
മരണവീട്ടിലേക്കു കോടതി ജീവനക്കാരൊത്തു പോവുകയായിരുന്നു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി നാരായണൻ. നിലന്പൂർ ചെട്ടിയങ്ങാടിയിലെത്തിയപ്പോൾ റോഡിൽ ഗതാഗത തടസം നേരിട്ടു. ഈ സമയം പിറകിലെത്തിയ സ്വകാര്യ ബസ് നിരന്തരം ഹോണടിച്ചു ശല്യപ്പെടുത്തി.
ശല്യം തുടർന്നപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ജഡ്ജി ഡ്രൈവറെ താക്കീത് നൽകിയെങ്കിലും ജനതപ്പടി വരെ ഹോണ്‍ അടിക്കുകയായിരുന്നു. തുടർന്നു ബസ് ഡ്രൈവറെ കോടതിയിൽ ഹാജരാക്കാൻ നിലന്പൂർ പോലീസിനു ജഡ്ജി നിർദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയ അബ്ദുൾ റാഷിക്കിനെ കോടതി പിരിയും വരെ തടവിനു ശിക്ഷിക്കുകയായിരുന്നു. വൈകുന്നേരം വരെ കോടതി ഹാളിന്റെ മൂലയിൽ നിന്ന പ്രതിയെ പിന്നീട് വിട്ടയക്കുകയായിരുന്നു.