കേരളം വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിനു സാക്ഷ്യം വഹിക്കുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയാണ് വിവാഹിതയാവുന്നത്. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. 26ന് എറണാകുളം ടി.ഡി.എം. ഹാളില്‍ വിവാഹം നടക്കും. സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയായ ഹെയ്ദി സാദിയ.
രഞ്ജു രഞ്ജിമാരുടെ മകളാണ്. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്. 26ന് രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്. ഹെയ്ദി ട്രാന്‍സ് വുമണും അര്‍ഥവ് ട്രാന്‍സ്മാനുമാണ്. ഇരു വീട്ടുകാരും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്.
കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ ഇഷാന് കെ.ഷാന്‍, സൂര്യ ഇഷാന് എന്നിവരുടെ വളര്ത്തുമകന് കൂടിയാണ് അഥര്‍വ്. വിവാഹം നടത്താനുള്ള വേദിയുടെ ആവശ്യത്തിനായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കരയോഗത്തെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ഒരുമിച്ച് നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് കരയോഗം പ്രസിഡന്റ് കൃഷ്ണമേനോന് പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബില്‍ നിന്നാണ് ഹെയ്ദി ജേര്‍ണലിസം പാസായത്. ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയും ഹാദിയ തന്നെയായിരുന്നു.