
സ്വന്തം ഭൂമിയിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. കാട്ടാക്കടയ്ക്ക് അടുത്ത് അമ്പലത്തിൻകാല കാഞ്ഞിരംമൂട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. അമ്പലത്തിൻകാല കാഞ്ചിരവിള ശ്രീമംഗലം വീട്ടിൽ സംഗീതാണ് ( 40 )കൊല്ലപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് കാട്ടാക്കട ചാരുപാറ സ്വദേശി സജു ഒളിവിലാണ്. സംഗീതിന്റെ പുരയിടത്തിൽ നിന്നും നിന്നും ഇന്നലെ അർധരാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്.
പ്രവാസിയായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ നിന്നും മണ്ണെടുക്കാൻ വനംവകുപ്പിന് സംഗീത് അനുമതി നൽകിയിരുന്നു. എന്നാൽ ഇവിടെ നിന്നും രാത്രിയിൽ ചിലർ അനുമതിയില്ലാതെ സ്ഥിരമായി മണ്ണ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു.
ഇന്ന് പുലർച്ചയോടെ സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാർ വഴിയിൽ ഇട്ട് ജെസിബിയുടെ വഴി മുടക്കി.
അപ്പോൾ സംഗീതിന്റെ വീടിനോട് ചേർന്നുള്ള മതിൽ ബലമായി പൊളിച്ച് ആ വഴി പുറത്തു കടക്കാൻ മണ്ണു കടത്ത് സംഘം ശ്രമിച്ചു. ഇതു തടയാൻ വേണ്ടി സംഗീത് കാറിൽ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നിൽ നിന്നു. അപ്പോൾ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു എന്നാണ് പോലീസ് നൽകുന്ന വിവരം .
പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മണ്ണുമാന്തി സംഘത്തിൽ നാലഞ്ച് പേരുണ്ടായിരുന്നു. ഇവർ വന്ന ബൈക്കുകൾ നാട്ടുകൾ പിടിച്ചു വച്ചിട്ടുണ്ട്. ജെസിബി അടക്കം ഇവർ സംഭവസ്ഥലത്തു നിന്നും മാറ്റിയിരിക്കുകയാണ്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തർക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ടെന്ന് പഞ്ചായത്തംഗം സുനിൽ പറഞ്ഞു. സജു സ്ഥിരം മണ്ണ് കടത്തൽ സംഘത്തിൽപ്പെട്ടയാളാണ്.
സജുവിനോടൊപ്പം മണ്ണ് കടത്തലുമായി ബന്ധപ്പെട്ട ചില പ്രതികളും ഉണ്ടെന്നാണ് വിവരം. കൊലപ്പെട്ട സംഗീതിൻന്റെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവസ്ഥലത്ത് എത്തിയ പോലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.
കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തിയുണ്ട്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. ഫോറൻസിക് വിദഗ്ധൽ സ്ഥലത്ത് എത്തും. .