തിരുവനന്തപുരം: കെപിസിസി ഭാരവാഹിപട്ടിക രണ്ടു ഘട്ടമായി പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ പട്ടിക ആദ്യം പ്രഖ്യാപിക്കും. വർക്കിംഗ് പ്രസിഡൻറുമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. ഇക്കാര്യത്തിൽ അന്തിമ പട്ടിക ഹൈക്കമാൻഡിനു നൽകിയെന്നും മുല്ലപ്പള്ളി അറിയിച്ചു.
ഒരാൾക്ക് ഒരു പദവി എന്ന തത്വത്തിൽ ഉറച്ചുനിൽക്കുന്നു. ജനപ്രതിനിധികൾ കഴിവുള്ളവരാണ്. അവരുടെ സമയമാണു പ്രശ്നം. മുഴുവൻ സമയ പ്രവർത്തകരെയാണ് കെപിസിസിക്ക് ആവശ്യം. ഇക്കാര്യം ഹൈക്കമാൻഡിനു ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഭാരവാഹി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വി.ഡി. സതീശനും വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ടായിരുന്ന ടി.എൻ.പ്രതാപൻ, എ.പി. അനിൽകുമാർ എന്നിവരുമാണു ഭാരവാഹി പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിനു കത്തു നൽകിയത്.