ന്യൂഡല്‍ഹി: മലയാളിയുടെ എരിവേറെ ഏറിയ അതിരൂക്ഷ പ്രതിഷേധത്തിനൊടുവില്‍ കേരള രുചികളില്‍ നിന്നു പാളം തെറ്റി ഓടാനുള്ള തീരുമാനം പിന്‍വലിച്ച് റെയില്‍വേ. തനത് കേരള വിഭവങ്ങള്‍ റെയില്‍വേ മെനുവില്‍ നിന്നൊഴിവാക്കി ഉത്തരേന്ത്യന്‍ രുചികള്‍ വിളമ്പാനുള്ള ഐആര്‍സിടിസിയുടെ നീക്കത്തെയാണ് ചുവപ്പ് കൊടി ഉയര്‍ത്തി മലയാളികള്‍ പാളത്തില്‍ പിടിച്ചിട്ട് തിരിച്ചു വിട്ടത്.
മലയാളികളുടെ അതിരൂക്ഷമായ എതിര്‍പ്പും പ്രതിഷേധവും കണക്കിലെടുത്ത് റെയില്‍വേ മെനുവില്‍ പുട്ടും പഴംപൊരിയും അടക്കമുള്ള കേരളീയ വിഭവങ്ങള്‍ പുനസ്ഥാപിച്ച് പരിഷ്കരിച്ച പട്ടികയിറക്കി. കേരളീയ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല പഴംപൊരി തുടങ്ങിയ സാധനങ്ങള്‍ മെനുവില്‍ നിന്ന് റെയില്‍വേ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധാണ് സമുഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നത്.
അതിനിടെ വിഷയത്തില്‍ ഇടപെട്ട എറണാകുളം എംപി ഹൈബി ഈഡന് കേരളത്തിന്റെ പ്രതിഷേധം ഐആര്‍സിടിസി ചെയര്‍മാന്റെ ശ്രദ്ധയില്‍പെടുത്തി. ഐആര്‍സിടിസി അധികൃതര്‍ ഇന്നലെ ഹൈബിയുടെ വീട്ടിലെത്തിയാണ് കേരള വിഭവങ്ങള്‍ ട്രെയിനുകളില്‍ വീണ്ടും വിളമ്പും എന്ന സന്തോഷ വാര്‍ത്ത അറിയിച്ചത്. പുട്ടിനും പഴംപൊരിക്കും അപ്പത്തിനും പുറമേ മീന്‍ കറി കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തെ റെയില്‍വേ ഇത്തവണ സന്തോഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണശാലകളില്‍ നിന്ന് കേരള വിഭവങ്ങള്‍ നീക്കം ചെയ്തും പകരം വടക്കേ ഇന്ത്യന്‍ പലഹാരങ്ങള്‍ ഉള്‍പ്പെടുത്തിയുമായിരുന്നു റെയില്‍വേയുടെ പാചക പരീക്ഷണം. റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്മെന്റ് റൂമുകളിലെയും റസ്റ്ററന്റുകളിലെയും നിരക്കും അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു.
പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയ്ക്ക് പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോട എന്നിവയാണ് വിളമ്പാന്‍ തീരുമാനിച്ചത്. അതേസമയം ഉഴുന്നു വടയും പരിപ്പു വടയും പേരിനു നിലനിര്‍ത്തുകയും ചെയ്തു.
മീല്‍സ് വിഭാഗത്തില്‍ ഉത്തരേന്ത്യന്‍ വിഭവങ്ങളായ രാജ്മ ചാവല്‍, ചോല ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കല്‍, കുല്‍ച്ച തുടങ്ങിയവ ഉള്‍പ്പെടുത്തിയായിരുന്നു പരിഷ്കാരം. എന്നാല്‍, ഉത്തരേന്ത്യന്‍ ഭക്ഷണശീലങ്ങള്‍ മലയാളികളുെട മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം സാംസ്കാരിക ഫാസിസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നത്.
സെബി മാത്യു