സ്വന്തം ലേഖകൻ
തൃശൂർ: കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിൽനിന്നെത്തിയ തൃശൂർ സ്വദേശിയെ പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പനി ഭേദമായിട്ടില്ലെന്നും എന്നാൽ കൊറോണ വൈറസ് ഇയാളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇയാളുടെ സ്രവം ഇന്ന് പുനെയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും. അതിനു ശേഷമേ രോഗകാര്യത്തിൽ സ്ഥിരീകരണമുണ്ടാകു.
എന്നാൽ പ്രത്യക്ഷത്തിൽ സാധാരണ പനി മാത്രമാണ് ഇയാൾക്കെന്നും കൊറോണ വൈറസ് പടർന്ന ചൈനയിൽനിന്നു വന്നു എന്നതുകൊണ്ട് നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷൻ റൂമിലാണ് ഇയാളെ ചികിത്സിക്കുന്നത്. ബിസിനസ് ആവശ്യത്തിന് ഇയാൾ ഇടക്കിടെ ചൈനയിൽ പോയിവരാറുണ്ട്.
ചൈനയിൽ നിന്നും എത്തിയ ഏഴുപേരാണ് ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇവർക്ക് ഇതുവരെയും പനിയോ മറ്റു ലക്ഷണങ്ങളോ പ്രകടമായിട്ടില്ല. എന്നാൽ ഇവരോട് രണ്ടാഴ്ച ബാഹ്യസന്പർക്കം പാടില്ലെന്നും വീട്ടിൽ തന്നെ കഴിയാനുമാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവരിൽ വിദ്യാർഥികളും ബിസിനസുകാരും ഉണ്ട്.
ചൈനയിൽനിന്ന് വരുന്നവരുടെ വിശദാംശങ്ങൾ എയർപോർട്ടിൽ നിന്നുതന്നെ അതത് ജില്ലകളിലെ ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറുന്നുണ്ട്. അങ്ങിനെയാണ് ഇവരെക്കുറിച്ച് അറിയാനും നിരീക്ഷണം ശക്തമാക്കാനും സാധിച്ചത്.