കോട്ടയം: പൊള്ളുന്ന ചൂടിൽ വാടിത്തളരുകയാണു കോട്ടയം ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്ന പുനലൂരിനേക്കാളും പാലക്കാടിനേക്കാളും കൂടുതൽ ചൂടാണ് ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയുള്ള നഗരങ്ങളിലൊന്നായി കോട്ടയം മാറിക്കഴിഞ്ഞെന്നു കാലവസ്ഥ നിരീക്ഷകർ പറയുന്നു.
കോട്ടയത്ത് ഇന്നലെ അനുഭവപ്പെട്ടത് 37 ഡിഗ്രീ ചൂടാണ്. നിലവിൽ ജനുവരിയിൽ അനുഭവപ്പെട്ടിട്ടുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. കേരളത്തിൽ നെടുന്പാശേരി വിമാനത്താവളത്തിൽ മാത്രമാണ് കോട്ടയത്തേക്കാൾ കൂടിയ താപനില രേഖപ്പെടുത്തിയിട്ടുള്ളത്.
37.1 ഡിഗ്രിയാണ് നെടുന്പാശേരിയിലേത്. ചൂട് ഏറുന്നതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. യാത്രക്കാർക്കും പുറം പണികൾ ചെയ്യുന്ന തൊഴിലാളികൾക്കും വളരെ അസ്വസ്ഥതയാണ് ചൂടുണ്ടാക്കുന്നത്. പല ആരോഗ്യപ്രശനങ്ങളും ഇതു സൃഷ്ടിക്കുമെന്നു വിലയിരുത്തുന്നു.
വെയിലിന്റെ കാഠിന്യം ഏറിയതോടെ മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് വളരെയധികം കുറഞ്ഞിരിക്കുന്നു. ജലക്ഷാമവും ഏറി വരുന്നുണ്ട്. പുതുവർഷത്തിൽ നേരത്തെ തന്നെ ചൂടെത്തിയതിനാൽ താമസിയായെ മഴയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
വരുംദിവസങ്ങളിൾ താപനില ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ശുദ്ധവെള്ളം ധാരാളം കുടിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശവുമുണ്ട്.