കൊച്ചി: കൊച്ചിയുടെ വാണിജ്യ സിരാകേന്ദ്രമായ എറണാകുളം മാർക്കറ്റ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു. വാണിജ്യത്തിനും വിനോദത്തിനും ഒരേപോലെ സൗകര്യപ്പെടുംവിധം ബഹുനില കെട്ടിടങ്ങളും മൾട്ടിലവൽ പാർക്കിംഗും ആകാശപാതയും മനോഹരമായ ഇടനാഴികളുമൊക്കെയായിട്ടാണ് നവീകരണം.
കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ കേന്ദ്ര നഗര നവീകരണ പദ്ധതിയായ സ്മാർട്ട് സിറ്റി മിഷൻ 100 കോടി മുടക്കിയാണു നിർമാണ പ്രവൃത്തികൾ നടത്തുന്നത്. രൂപരേഖ ഉൾപ്പെടെ തയാറായിട്ടുണ്ട്. നിർമാണ കരാറുകാരെ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ ഈ മാസം ആരംഭിക്കും.
നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മൂന്നു നിലയുള്ള മാർക്കറ്റ് കോംപ്ലക്സ്, അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള മാർക്കറ്റ് സ്ക്വയർ, നൂറോളം കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടിലവൽ പാർക്കിംഗ് കെട്ടിടം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. ഗ്രൗണ്ട്ഫ്ലോർ ഉൾപ്പെടെ മൂന്നു നിലകളുണ്ടാകും മാർക്കറ്റ് കോംപ്ലക്സിൽ. ഭാവിയിൽ മൂന്ന് നിലകൂടി നിർമിക്കും.
സാധനങ്ങൾ ലേലത്തിലൂടെ വില്പന നടത്തുന്നതിനായി ഒരിടം മാർക്കറ്റ് സ്ക്വയറിൽ ഉണ്ടാകും. ലേലമുള്ള ദിവസങ്ങളിൽ ഇത് വ്യാപാരികൾക്ക് ഉപയോഗപ്പെടുത്താം. അല്ലാത്ത സമയങ്ങളിൽ കല-കായിക വിനോദങ്ങൾക്കുള്ള കേന്ദ്രമാക്കി ഈ സ്ഥലം മാറ്റും.
നഗരത്തിൽനിന്ന് മാർക്കറ്റിലേക്ക് വേഗത്തിലെത്തും വിധമാണ് ആകാശ നടപ്പാത നിർമിക്കുന്നത്. ഷണ്മുഖം റോഡിൽനിന്നു തുടങ്ങി മാർക്കറ്റ് കോംപ്ലക്സിന്റെ ഒന്നാം നിലയിലേക്ക് എത്തുന്ന വിധത്തിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. മാർക്കറ്റ് സ്ക്വയറിനെയും മാർക്കറ്റ് കോംപ്ലക്സിനെയും പരസ്പരം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
കനാൽ നവീകരണ പദ്ധതിയിൽ മാർക്കറ്റ് കനാലും ഉൾപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ബഹുനിലകളിലായി പാർക്കിംഗ് സൗകര്യമുണ്ടാകും. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് മാർക്കറ്റിൽ രണ്ട് പോർട്ടബിൾ വേസ്റ്റ് കോംപാക്ടറുകൾ സ്ഥാപിക്കും. ഇവയിലെ മാലിന്യങ്ങൾ അതത് ദിവസംതന്നെ നീക്കം ചെയ്യും.
സംസ്കരണത്തിനുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. മാർക്കറ്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്പോൾ ഇവിടെയുള്ള കച്ചവടക്കാരെ സമീപത്തെ സ്കൂളിന്റെ ഒഴിഞ്ഞ ഗ്രൗണ്ടിലേക്കാണ് മാറ്റുക. കൊച്ചിൻ സ്മാർട്ട് മിഷനാണ് ഇതിന്റെ ചെലവ് വഹിക്കുക.