കല്ലറ(തിരുവനന്തപുരം): ബോധവൽക്കരണ ക്ലാസ്സിനിടയിൽ പാമ്പുപിടിത്തക്കാരന് പാമ്പിന്റെ കടിയേറ്റു. വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ വിതുര സ്വദേശി സനൽരാജ് (40) നാണ് പാമ്പുകടിയേറ്റത്.
ഇന്നലെ വൈകിട്ട് 3.30ന് മഠത്തറ ചോഴിയക്കോട് എൽ.പി സ്കൂളിലായിരുന്നു സംഭവം. സ്കൂളിൽ വനംവകുപ്പ് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു സനൽരാജ്.കുട്ടികളെ കാണിക്കുവാനായി ബാഗിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതിനിടയിൽ പാമ്പ് ഇയാളുടെ ചുണ്ടിൽ കടിക്കുകയായിരുന്നു.
പരിക്കേറ്റ ഇയാളെ കണ്ടു നിന്നവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.അറുപത്തിമൂന്ന് രാജവെമ്പാല അടക്കം ആയിരത്തിലധികം പാമ്പുകളെ സനൽ രാജ് ഇതിനകം പിടികൂടിയിട്ടുണ്ട്.