തിരുവനന്തപുരം: നേപ്പാളിൽ വിനോദയാത്രക്കിടെ മരണമടഞ്ഞ ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണി ഭവനിൽ പ്രവീണ് കെ നായർക്കും (39) കുടുംബത്തിനും നാട് കണ്ണീരിൽ കുതിർന്ന വിട നൽകി. ഇന്ന് രാവിലെ 10.30നാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.
ഇന്ന് പുലർച്ചെ പന്ത്രണ്ട് മണിയോടെ ഡൽഹിയിൽ നിന്നും വിമാനമാർഗം പ്രവീണിന്റെയും ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
ജില്ലാ കളക്ടർ ഗോപാലകൃഷ്ണനും കോർപറേഷൻ മേയർ ശ്രീകുമാറും പ്രവീണിന്റെ ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ഏഴരമണിയോടെ മെഡിക്കൽ കോളജിൽ നിന്നും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി വിലാപയാത്രയോടെ ചേങ്കോട്ടുകോണത്തെ പ്രവീണിന്റെ വസതിയായ രോഹിണി ഭവനിൽ എത്തിയ്ക്കുകയായിരുന്നു.
വിലാപയാത്രയിൽ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രവീണിന്റെ വലിയ സുഹൃദ് സംഘവും നാട്ടുകാരും കണ്ണിരോടെയാണ് വിലാപയാത്രയിൽ പങ്കെടുത്തത്. രാവിലെ എട്ടര മണിയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കുകയായിരുന്നു.
പ്രവീണിനെയും കുടുംബത്തെയും അവസാനമായി ഒരു നോക്ക് കാണാനും അന്ത്യോപചാരം അർപ്പിക്കാനുമായി ആയിരകണക്കിന് ആളുകളാണ് അയ്യൻകോയിക്കൽ പ്രദേശത്ത് തടിച്ച് കൂടിയത്. മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ പ്രവീണിന്റെയും ശരണ്യയുടെയും മാതാപിതാക്കൾ കുഴഞ്ഞ് വീണു.
പേരക്കുട്ടികളുടെ ചേതനയറ്റ ശരീരം കണ്ട അവരുടെ വിലാപം കണ്ട് നിന്നവരെ പോലും കണ്ണീരിലാഴ്ത്തി. ഹൃദയഭേദകമായ രംഗങ്ങളായിരുന്നു പൊതുദർശനത്തിന് വച്ചപ്പോൾ കാണാനായത്. പ്രവീണിന്റെ ബാല്യകാല സുഹൃത്തുക്കളും പഠന കാലയളവിലെ സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർക്ക് സങ്കടം സഹിക്കാനാകാത്ത അവസ്ഥയിലായിരുന്നു.
രാവിലെ ഒൻപതരയോടെ വീട്ടുവളപ്പിൽ സംസ്കരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അന്ത്യോപചാരം അർപ്പിക്കാനെത്തിയവരുടെ നീണ്ട നിരയെ തുടർന്ന് സംസ്കാരചടങ്ങുകൾ നീളുകയായിരുന്നു. മന്ത്രി കെ.രാജു, കോർപറേഷൻ മേയർ ശ്രീകുമാർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി.എസ്.ശിവകുമാർ എംഎൽഎ, ഒ.രാജഗോപാൽ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ ഒരു കുഴിമാടത്തിൽ മൂന്ന് പെട്ടികളിലാക്കിയാണ് സംസ്കരിച്ചത്. പ്രവീണിന്റെയും ശരണ്യയുടെയും മൃതദേഹങ്ങൾ കുട്ടികളെ സംസ്കരിച്ച കുഴിമാടത്തിന് ഇടതും വലത്തുമായി ദഹിപ്പിക്കുകയായിരുന്നു.