ചിറ്റൂർ: എരുത്തേന്പതി ഫാമിൽ നെല്ലിക്കയും, മാങ്ങയും, സപ്പോട്ടയും ബ്രാൻഡ് ചെയ്ത് വിൽപ്പനയ്ക്കായി പ്രോസസിംഗ് യൂണിറ്റ് തുടങ്ങുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. വലിപ്പത്തിൽ ലഭിക്കുന്ന നെല്ലിക്ക ഫാമിന്റെ പേരിൽ തന്നെ ബ്രാൻഡ് ചെയ്തു വിൽപ്പനയ്ക്കുള്ള സംവിധാനവും ഏർപ്പെടുത്തും.
ഇന്നലെ എരുത്തേന്പതി ഫാം സന്ദർശിച്ച ശേഷമാണ് നിലപാട് മന്ത്രി വ്യക്തമാക്കിയതും. മൂല്യവർധിത ഉൽപ്പന്നങ്ങളടക്കം ഉണ്ടാക്കുന്നതിലൂടെ സാന്പത്തിക ലാഭമുണ്ടാകുമെന്നും മന്ത്രി ചാഞ്ഞു. സസ്യ-വർഗ്ഗ മ്യൂസിയവും , തേൻ ഉൽപ്പാദിപ്പിക്കുന്ന തേനീച്ച വളർത്തൽ കേന്ദ്രവും, മത്സ്യ കൃഷി രീതികളും മന്ത്രി നിരീക്ഷിച്ചു.
സന്ദർശന പരിപാടിയ്ക്കിടെ തേനീച്ച പെട്ടി വിതരണവും മരം നടലും മന്ത്രി നിർവഹിച്ചു. തൈകൾ വിത്തുകൾക്കു പുറമെ പഴവർഗ്ഗങ്ങളും ഉണ്ടാക്കിയെടുക്കുന്ന എരുത്തേന്പതി ഫാം കാർഷിക മേഖലയ്ക്കും മാതൃകയാവും.
തെങ്ങുകൃഷി പരി പോഷിപ്പിക്കുന്നതിനായി ഈ വർഷം രണ്ടു ലക്ഷം നാടൻ തൈകൾ ഉൽപ്പാദിപ്പിക്കണമെന്ന് അദ്ദേഹം ഫാം ജീവനക്കാർക്ക് നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം വി. മുരുകദാസ്, പ്രിൻസിപ്പൽ കൃഷിഓഫീസർ ബി.ശ്രീകുമാരി, ഫാം ഡെപ്യൂട്ടി ഡയറക്ടർ ജമ്മുസൽമ എന്നിവരും മന്ത്രിയെ അനുഗമിച്ച് ഫാമിലെത്തിയിരുന്നു.