കൊല്ലം : ഊര്ജോല്പാദനത്തില് കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം സര്‍ക്കാര്‍ പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി എം എം മണി.
കേരളമൊട്ടാകെയുള്ള വൈദ്യുതി അദാലത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന അദാലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം നിലയത്തിനാവശ്യമായ സാധ്യതാപഠനങ്ങള്‍ അനുകൂലമാണ്.
പദ്ധതിയുടെ സാങ്കേതിക അനുമതിക്കാവശ്യമായ നീക്കങ്ങള്‍ ഇതിനകം സര്‍ക്കാര്‍ നടത്തി കഴിഞ്ഞു. നിലവില്‍ ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പ്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം ഹ്രസ്വ-ദീര്‍ഘകാല കരാറുകള്‍ വഴി ജനങ്ങള്‍ക്ക് വാങ്ങി നല്‍കുകയാണ്.
വൈദ്യുതി ഉപയോഗത്തിന്റെ ആവശ്യം ദിനംപ്രതി കൂടി വരുന്നതിനാല്‍ ഊര്‍ജ്ജോത്പാദനത്തില്‍ കൂടുതല്‍ സാധ്യതകള്‍ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സൗരോര്‍ജ്ജോത്പാദന സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് വരുംകാലങ്ങളില്‍ വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നത്. ആയിരം മെഗാവാട്ട് സൗരോര്‍ജ്ജം അടിയന്തരമായി ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിരവധി ഉപഭോക്താക്കളുടെ ദീര്‍ഘകാല പരാതികള്‍ക്ക് ശാശ്വതപരിഹാര വേദിയായി അദാലത്ത് മാറി. ഉത്പാദന, വിതരണ, വിവിധ കണക്ഷന് സംബന്ധമായ പരാതികള്‍, അപകടകരമായി സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോമറുകള്‍ നീക്കംചെയ്യല്‍ തുടങ്ങിയ പരാതികള്‍ ആയിരുന്നു ഏറെയും.
എം മുകേഷ് എം എല്‍ എ അധ്യക്ഷനായി. മന്ത്രി കെ രാജു, എന്‍ കെ പ്രേമചന്ദ്രന് എം പി, എം നൗഷാദ് എം എല്‍ എ, മേയര്‍ ഹണി ബെഞ്ചമിന്‍, കെ എസ് ഇ ബി ചെയര്മാന് എന്‍ എസ് പിള്ള, പി. കുമാരന്, എസ്. രാജ്കുമാര്, ജനപ്രതിനിധികള്‍, വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.