പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ശബരിമല വാർഡിനു സമീപമുള്ള ലിഫ്റ്റ് പണിമുടക്കിയതോടെ രോഗികൾ ബുദ്ധിമുട്ടിലായി. അത്യാസന്ന നിലയിലുള്ളവരും ശസ്ത്രക്രിയ വേണ്ടവരും ഗർഭിണികളടക്കമുള്ളവരും നാലാം നിലയിലേക്കുള്ള ഓപ്പറേഷൻ തിയറ്ററിലേക്ക് പോകാൻ കഷ്ടപ്പെടുന്നു.
പല രോഗികളെയും ജീവനക്കാരും ബന്ധുക്കളും ചേർന്ന് എടുത്തു കൊണ്ടാണ് മുകൾനിലയിലേക്ക് പോകുന്നത്. രാത്രിയിലാണ് ബുദ്ധിമുട്ടേറെ. ജീവനക്കാർ കുറവായതിനാൽ കൂട്ടിരിപ്പുകാർ ഒറ്റയ്ക്ക് എടുത്തു കൊണ്ടു പോകേണ്ട ഗതികേടാണ്. എറണാകുളത്തുള്ള സ്വകാര്യ കന്പനിക്കാണ് ലിഫ്റ്റ് അറ്റകുറ്റപ്പണി കരാർ നൽകിയിരിക്കുന്നത്.
ആശുപത്രിയിൽ നിന്ന് വിവരം നൽകിയതനുസരിച്ച് അവരെത്തി ലിഫ്റ്റിന്റെ ഡോർ ഇളക്കി മാറ്റി സമീപത്ത് ചാരി വച്ചിട്ടുണ്ട്. പിന്നിട് പണികളൊന്നും നടത്തിയിട്ടില്ല. ആളുകളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ ആശുപത്രി അധികൃതർ നടത്തണമെന്നാണ് ആവശ്യം.